
ചെമ്പൻകുഞ്ഞിനെയും കുഞ്ഞേനാച്ചനെയും കുഞ്ഞാലിമരയ്ക്കാര്‍ എന്നിങ്ങനെ മലയാളികള്‍ ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അതുല്യപ്രതിഭയാണ് കൊട്ടാരക്കര ശ്രീധരന് നായര്‍. ആ തലമുറയില്‍ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായി കുമാര്‍.
അച്ഛന് സായ് കുമാര്‍ ബിഗ് സ്ക്രീനില്‍ നായകനായി തുടങ്ങി പിന്നീട് വില്ലനായും സഹതാരവുമൊക്കെയായി നിറഞ്ഞു നില്ക്കുമ്പോള് മകള്‍ വൈഷ്ണവി തെരഞ്ഞെടുത്തത് മിനി സ്ക്രീനാണ്. സീരിയല്‍ ലോകത്ത് തന്റേതായ ഒരിടം തീര്‍ക്കാന്‍ വൈഷ്ണവിക്ക് കഴിഞ്ഞിട്ടുണ്ട്. സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് ചെയ്യുന്നത് വൈഷ്ണവിയാണ്. ഈ സീരിയലിലെ സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തിയത്. കൊട്ടാരക്കര ശ്രീധരന് നായരുടെ കൊച്ചുമകള്‍, സായ് കുമാറിന്റെ മകള്‍ എന്നതിലുപരി കൊട്ടാരക്കര ശ്രീധരന് നായരുടെ പാരമ്പര്യമുള്ള ഉള്ള വൈഷ്ണവി എന്ന അഭിനേത്രിയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ അച്ഛനെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വൈഷ്ണവി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച അച്ഛന്റെ മകളെന്ന നിലയില്‍ നിര്‍മാതാക്കളും സംവിധായകരുമടക്കം ആളുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന് അവതാരകന് വൈഷ്ണവിയോട് ചോദിച്ചപ്പോള്‍, പക്ഷേ ആളുകള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പേ അച്ഛന് എന്നെ വെട്ടിയെന്ന് താരം മറുപടിയായി പറഞ്ഞു. എന്തായാലും അമ്മയേക്കാളും ജോളിയാണ് അച്ഛനുണ്ടെങ്കില്‍ നല്ല രസമാണന്നും താരപുത്രി പറയുന്നുണ്ട്.
‘അച്ഛനെ കാണാറുണ്ടോ’ എന്ന് ചോദ്യത്തിന് ‘ഇപ്പോള്‍ അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ല...’ എന്നാണ് വൈഷ്ണവി പറഞ്ഞത്. ‘എന്തെങ്കിലും അവഗണനകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടോ?’ എന്ന ചോദ്യത്തിന് ‘ബോഡി ഷെയ്മിഗും കളിയാക്കലും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല എന്റെ കാരണം കൊണ്ടാണ് അച്ഛന് പോയതെന്ന് വരുത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്...’ എന്നാണ് വൈഷ്ണി പറഞ്ഞത്.
സീരിയലിലാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും വൈഷ്ണവിയ്ക്ക് ആദ്യം സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു കിട്ടിയത്. ദിലീപിന്റെ നായികയായി അവസരം വന്നെങ്കിലും അന്ന് പിതാവായ സായി കുമാറാണ് അത് വേണ്ടെന്ന് വെപ്പിച്ചതെന്നും വൈഷ്ണവി പറയുന്നു.
‘‘ആദ്യം എനിക്ക് പോസിറ്റീവായിട്ടുള്ള കഥാപാത്രമായിരുന്നു വന്നത്. പിന്നീട് നെഗറ്റീവ് ഷേഡിലുള്ളത് ചെയ്യാന്‍ പറ്റുമോന്ന് ചോദിച്ചു. അച്ഛനും അപ്പൂപ്പനുമൊക്കെ ചെയ്തിട്ടുള്ളത് പോലെ ചെയ്യാന്‍ എനിക്ക് സാധിച്ചെന്ന് വരില്ല. എങ്കിലും അങ്ങനൊന്ന് ചെയ്യാന്‍ ആഗ്രഹം തോന്നി. ആദ്യമൊന്ന് നെഗറ്റീവായി അഭിനയിച്ചപ്പോള്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അതിഷ്ടപ്പെട്ടു. അങ്ങനെയാണ് ആ സീരിയലില്‍ അഭിനയിച്ചത്.
ആദ്യം ദിലീപേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. മുല്ല എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിന് മുന്‍പ് മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലേക്കും വിളിച്ചിട്ടുണ്ട്. ഒന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴും മറ്റൊന്ന് പത്തില്‍ പഠിക്കുമ്പോഴുമാണ്. ബിഗ് സ്ക്രീനിലേക്ക് വരിക എന്നത് തന്നെയാണ് എന്റെയും ആഗ്രഹം. കമ്മിറ്റ്മെന്റ് ഉള്ളത് അതിനോടാണ്. സിനിമയിലൊരു വേഷം കിട്ടുക എന്നത് എല്ലാവര്ക്കും ഉള്ള ആഗ്രഹമായിരിക്കും. അതെനിക്കും ഉണ്ട്. അതിലേക്ക് വരാനായി പ്ലാനിങ്ങൊന്നുമില്ല. എന്തേലും പ്ലാന്‍ ചെയ്താല്‍ അത് നടക്കണമെന്നില്ല. നമ്മുടെ കൈയ്യില്‍ വന്ന് ചേരുകയാണെങ്കില്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥന മാത്രമേയുള്ളു...’’ വൈഷ്ണവി പറയുന്നു.
സിനിമയിലേക്ക് വലതുകാല്‍ വച്ച് കയറാന്‍ പോയപ്പോള്‍ ഇടത് കാല് കൊണ്ട് തള്ളിയിട്ടത് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് അത് അച്ഛനാണെന്നാണ് വൈഷ്ണവി പറയുന്നത്. ‘‘അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ ‘ആദ്യം പഠിത്തം നടക്കട്ടെ’ എന്നാണ് അച്ഛന് പറഞ്ഞത്. നല്ലൊരു ജോലി കിട്ടി അത് ചെയ്യണമെന്നായിരുന്നു അച്ഛന് ആഗ്രഹിച്ചത്. എന്നെയൊരു ഡോക്ടറായി കാണണമെന്നായിരുന്നു അദ്ദേഹത്തിന്. ബിഡിഎസിന് പോയിരുന്നു. ആറ് മാസം കഴിഞ്ഞപ്പോള്‍ ഞാനത് നിര്‍ത്തുകയാണ് ചെയ്തത്. സ്വയം തീരുമാനിച്ച് തിരിച്ച് പോന്നതാണ്. എന്തോ എനിക്കവിടെ സെറ്റ് ആയില്ല. നമ്മള് പഠിക്കുകയോ ജോലി ചെയ്യുകയോ ആണെങ്കിലും ആത്മാര്‍ഥതയുള്ള ഒരു സുഹൃത്തെങ്കിലും കൂടെയില്ലെങ്കില്‍ മാനസികമായി തകര്‍ന്ന് പോകും. ഞാന്‍ അങ്ങനെ ആയിരുന്നു...’’ വൈഷ്ണവി പറയുന്നു. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് വൈഷ്ണവിയിത് പറഞ്ഞത്.
നടന് സായി കുമാറിന്റെ ആദ്യഭാര്യയിലുള്ള മകളാണ് വൈഷ്ണവി. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. ഈ ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷമാണ് സായി കുമാര്‍ നടി ബിന്ദു പണിക്കരുമായി ഇഷ്ടത്തിലായത്. ഇരുവരും ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കുകയാണ്. മുന്‍പ് മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് സായ് കുമാര്‍ പങ്കെടുക്കാത്തതിനെ ചൊല്ലി ചില വിവാദങ്ങള്‍ കേട്ടിരുന്നു.






