
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നു നിര്‍ബന്ധപൂര്‍വം സാലറി ചാലഞ്ച് വഴി സംഭാവന പിരിക്കുന്നെന്ന പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകളുടെ ആരോപണം തള്ളി സര്‍ക്കാര്‍. സാലറി ചലഞ്ചിനെ പൊളിക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു.
കുറഞ്ഞത് അഞ്ചു ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്. പരമാവധി മൂന്നു ഗഡുക്കളായി തുക നല്‍കാമെന്നും സമ്മതപത്രം നല്കുന്ന ജീവനക്കാരില്‍നിന്ന് ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്നിന്നുമുതല് പണം ഇൗടാക്കി തുടങ്ങുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പി.എഫ്. തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാം. അഞ്ചു ദിവസത്തില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നവര്‍ക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തില്‍ 10 ഗഡുക്കളായി ശമ്പളം നല്‍കാമെന്നും വിശദീകരിക്കുന്നു.
സമ്മത പത്രം നല്കുന്നവരില്നിന്നേ ശമ്പളം പിടിക്കൂ. പിന്നെ എങ്ങനെ സാലറി ചലഞ്ച് നിര്‍ബന്ധിത പിരിവാകുമെന്ന ചോദ്യമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. ഇടതു സംഘടനകളും നിര്‍ബന്ധിത സാലറി ചലഞ്ച് എന്ന വാദത്തെ പരസ്യമായി അംഗീകരിക്കില്ല. എന്നാല്‍ 5 ദിവസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് കൂടുതല്‍ പേരില്‍നിന്നു സംഭാവന സ്വീകരിക്കുന്നതിനു തടസ്സമാകുമെന്നും ഫലത്തില്‍ ധനസമാഹരണ യജ്ഞത്തിനു ദോഷമുണ്ടാക്കുമെന്നും എന്‍.ജി.ഒ. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന് വിശദീകരിക്കുന്നു.
അഞ്ചു ദിവസത്തില്‍ താഴെ ശമ്പളം സംഭാവന ചെയ്യാന്‍ കൂടി അവസരം നല്കി ഉത്തരവു ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ എല്ലാവരും അഞ്ചു ദിവസത്തില്‍ കുറച്ചു പണംനല്‍കി പോകുമെന്നാണു സര്‍ക്കാര്‍ നിലപാട്. സര്‍വീസ് സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണയ്ക്കു വിരുദ്ധമായാണു സര്‍ക്കാര്‍ സാലറി ചാലഞ്ച് ഉത്തരവിറക്കിയതെന്നും ജീവനക്കാരുടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കെ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള തുക നല്‍കാനുള്ള അവസരം നല്‍കണമെന്നാണു പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.
കഴിവിനൊത്ത് ശമ്പളം സംഭാവനയായി നല്കാന് അവസരമൊരുക്കണം. അഞ്ചു ദിവസത്തെ ശമ്പളം നല്കാന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധിതമായി ശമ്പളം പിടിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകളായി മാറിയെന്നാണു പ്രതിപക്ഷ സംഘടനകളുടെ വിലയിരുത്തല്‍.






