
ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരമാണ് റിമ കല്ലിങ്കല്‍. വ്യക്തമായ നിലപാടുകളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയും മികവാര്‍ന്ന അഭിനയത്തിലൂടെയും റിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായതാണ്. സിനിമയില്‍ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് റിമ പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങളിലും പെട്ടിരുന്ന താരമാണ് റിമ.
ഇപ്പോഴിതാ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ സന്തോഷവും ഡബ്യൂസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയുകയാണ് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കല്‍. ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയായിരുന്നു ഇത്രയും നാളുമെന്നും ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതില്‍ സന്തോഷമുണ്ടെന്നും ഒരുപാടു പേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ് ഇതിന്റെ പിന്നിലുള്ള പോരാട്ടമെന്നും നാലു കൊല്ലമായി ചോദിക്കുന്നതാണെന്നും റിമ പറഞ്ഞു.
‘‘255 പേജുള്ള റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് വായിക്കും, വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോർട്ടില്‍ കമ്മിഷൻ എന്താണ് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യുസിസി നോക്കും. അതിനു ശേഷം ആയിരിക്കും ഭാവിയിലേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
ഞങ്ങള്‍ക്കും ഇപ്പോഴാണ് റിപ്പോർട്ട് കിട്ടിയത്. ഞങ്ങള്‍ നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്. കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങള്‍ ഉറപ്പായും പ്രതികരിക്കും. റിപ്പോർട്ട് പുറത്തു വന്നതില്‍ സന്തോഷമുണ്ട്. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് ഇത്. റിപ്പോർട്ട് പുറത്തുവന്നതില്‍ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്....’’ റിമ പറഞ്ഞു.
റിമയ്ക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന ഉത്തരവും താരം നല്‍കുന്നുണ്ട്.
വലിയ വിവാദങ്ങളാണ് സിനിമയ്ക്കുള്ളിലും പുറത്തും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വന്നുകൊണ്ടിരിക്കുന്നത്.






