
ബെര്‍ലിന്‍ : ജർമനിയിലെ സോളിംഗനിൽ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് ഗുരുതര പരുക്ക്. സോളിംഗനിൽ നഗരത്തിന്റെ 650-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സിറ്റി ഫെസ്റ്റിവലിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്.സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. എല്ലാവരും ചേർന്ന് നടത്തിയ ആഘോഷത്തിനിടെ ഇത്തരമെമൊരു അപകടം നടന്നതിൽ സങ്കടമുണ്ടെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കുന്നെന്നും സോലിങ്കനിലെ മേയർ ടിം കുർസ്ബാക്ക് സമൂഹ മാധ്യമത്തിൽ കുറിച്ചു.
രാത്രിയിൽ അജ്ഞാതനായ ഒരാൾ ആഘോഷത്തിലേക്ക് കയറിവന്ന് ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെപ്പെട്ടു.ജര്‍മനിയില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ബോധപൂർവമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ലെന്നും പോലീസ് വ്യക്തമാക്കി.






