
തിരുവനന്തപുരം: രഞ്ജിത്തിനെതിരായി ബംഗാള്‍ നടി നടത്തിയ ലൈംഗികാരോപണം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. പരാതി കേരളത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും ആനി രാജ പറഞ്ഞു. രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിവേണം അന്വേഷണം നടത്താന്‍. പരാതി എഴുതി നല്‍കിയാലേ അന്വേഷിക്കൂ എന്ന നിലപാടില്‍ കാര്യമില്ല.
ആക്രമിക്കപ്പെട്ട യുവതി തുറന്ന് പറഞ്ഞ സാഹചര്യം കണക്കിലെടുത്ത് ഗൗരവത്തോടെ പരിശോധിക്കണമെന്നും പ്രതികരിച്ചു. പരസ്യമായി പറഞ്ഞ പരാതിയെ പരസ്യമായി തള്ളുന്നതില്‍ അര്‍ത്ഥമില്ലെന്നും അങ്ങനെയാണെങ്കില്‍ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ല. നടപടി എടുക്കാന്‍ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്നും പരാതി നല്‍കിയാലേ അന്വേഷിക്കൂ എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും പറഞ്ഞു.
സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണം. ആരോപിക്കപ്പെടുന്ന തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ സ്ഥാനം തിരികെ നല്‍കണം. കള്ളപ്പരാതിയാണെങ്കില്‍ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ പ്രതികരിച്ചു.
രഞ്ജിത്തിനെതിരേ നടപടിയും അന്വേഷണവും വേണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിനടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരേ ആരോപണം ഉന്നയിച്ചത്. പലേരിമാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച ശേഷം തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. എന്നാല്‍ രഞ്ജിത്തിനെ കൈവിടാതെയായിരുന്നു രാവിലെ സാംസ്ക്കാരികമന്ത്രിയുടെ പ്രതികരണമുണ്ടായത്.






