
തിരുവനന്തപുരം: ഡബ്ള്യൂസിസി അംഗങ്ങള്‍ സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളടക്കം ചര്‍ച്ചയായി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കണമെന്നുള്പ്പെടെയുള്ള കാര്യം ആവശ്യപ്പെട്ടു. ഹേമക്കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതിയുടെ നിരീക്ഷണവും തീരുമാനവും പുറത്തുവന്നതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മൊഴി നല്‍കിയവരുടെ സ്വകാര്യത മാനിക്കണമെന്നതുമടക്കമുള്ള കാര്യങ്ങള്‍ കോടതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ വിവിധ ആവശ്യങ്ങളാണ് ഡബ്ള്യൂസിസി അംഗങ്ങള്‍ ഉന്നയിച്ചത്. ഹേമക്കമ്മറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരുടെ സ്വകാര്യതകള്‍ ഒരുതരത്തിലും ലംഘിക്കപ്പെടരുതെന്നും ഡബ്ള്യൂസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതടക്കം ഹേമക്കമ്മറ്റിയിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നതടക്കം ഇവര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്ഐടിക്ക് കൈമാറണം. റിപ്പോര്‍ട്ട് പരിശോധിച്ച് എന്ത് ചെയ്യാനാകുമെന്ന് എസ്ഐടി സത്യവാങ്മൂലം നല്‍കണം. ലൈംഗിക അതിക്രമക്കുറ്റം ഉള്‍പ്പടെയുള്ളവ പരിശോധിക്കണം. നടപടിയെടുക്കുന്നതില്‍ എസ്ഐടി തീരുമാനമെടുക്കണം. എല്ലാവരുടെയും സ്വകാര്യത എസ്ഐടി മനസില്‍ സൂക്ഷിക്കണമെന്നും വാര്‍ത്താ സമ്മേളനം നടത്തരുതെന്നും പറഞ്ഞിട്ടുണ്ട്.






