
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സമയം 3.47, ഭൂമിയില്‍നിന്ന് 700 കിലോമീറ്റര്‍ അകലെവച്ച് ജാരെഡ് ഐസക്മാന് ശൂന്യതയിലേക്കു കാല്‍ചവിട്ടി, അത് ചരിത്രം. ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ സ്വകാര്യ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി.
സ്പേസ് എക്സിന്റെ പോളാരിസ് ഡോണ്‍ ദൗത്യത്തിന്റെ ഭാഗമായിരുന്നു ഐസക്മാന്റെ യാത്ര. അകലെനിന്നു നീലഗോളം പോലെ തോന്നിയ ഭൂമിയെ നോക്കി അദ്ദേഹം പറഞ്ഞു. 'ഇവിടെനിന്നു നോക്കുമ്പോള്‍ ഭൂമി തീര്‍ച്ചയായും ഒരു തികഞ്ഞ ലോകം പോലെ തോന്നുന്നു'.
തൊട്ടുപിന്നാലെ സ്പേസ് എക്സ് ജീവനക്കാരി സാറാ ഗില്ലിസ് കാപ്സ്യൂളിന്റെ സുരക്ഷയില്‍നിന്ന് പുറത്തിറങ്ങി ബഹിരാകാശ നടത്തം ആരംഭിച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.47 നാണു ബഹിരാകാശ നടത്തം തുടങ്ങിയത്. അതിന് അര മണിക്കൂര്‍ മുമ്പ് ഐസക്മാന്റെയും സാറയുടെയും സ്പേസ്സ്യൂട്ടുകളിലേക്ക് പേടകത്തില്‍നിന്നുള്ള ശുദ്ധമായ ഓക്സിജന്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു.
ശതകോടീശ്വരന്‍ ജാരെഡ് ഐസക്മാന്, മുന്‍ എയര്‍ഫോഴ്സ് കമാന്‍ഡര്‍ സ്കോട്ട് 'കിഡ്' പോട്ടെറ്റ്, സ്പേസ് എക്സ് ജീവനക്കാരായ സാറാ ഗില്ലിസ്, അന്ന മേനോന് എന്നിവരടങ്ങുന്ന സംഘമാണു ബഹിരാകാശ നടത്തത്തിനായി എത്തിയത്. ഐസക്മാനും സാറയും മാത്രമാണു നടത്തത്തില്‍ പങ്കെടുത്തത്.
സ്യൂട്ടില്‍ ഓക്സിജന്‍ നിറഞ്ഞതോടെ വായു ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കുകയായിരുന്നു അടുത്തഘട്ടം. പരിശോധനകള്‍ പൂര്‍ത്തിയായതോടെ, ക്യാപ്സ്യൂളിനുള്ളിലെ മര്‍ദ പരിശോധന. 3.:43 നു ഐസക്മാനു ബഹിരാകാശ പേടകം തുറക്കാന്‍ അനുമതി ലഭിച്ചു.
മിനിറ്റുകള്‍ക്ക് ശേഷം സാവധാനം അദ്ദേഹം ശൂന്യതയിലേക്ക് കാല്‍വച്ചു. അതോടെ ബഹിരാകാശ നടത്തം നടത്തുന്ന ആദ്യത്തെ പ്രഫഷണല്‍ ഇതര ബഹിരാകാശയാത്രികനായി അദ്ദേഹം.






