
തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് മന്ത്രി സഭയിലും ഉദ്യേഗസ്ഥ തലത്തിലും മാറ്റമുണ്ടാകണമെന്ന് ഉദയനിധി സ്റ്റാലിന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചെറുപ്പക്കാരായ പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നും കൂടുതല്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായിയാണ് സൂചന.
ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്നത് വൈകുകയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇതിന് പിന്നാലെയാണ് ചില നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് മുന്‍പ് പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ ഉദയനിധി മുന്നോട്ട് വച്ചുവെന്നാണ് സൂചന.
മന്ത്രിസഭയില്‍ രണ്ടോ മൂന്നോ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. നിലവില്‍ തമിഴ്നാട് മന്ത്രിസഭയില്‍ 34 മന്ത്രിമാരുണ്ട്. പരമാവധി മുപ്പത്തിയഞ്ചാണ് മന്ത്രിസഭയുടെ അംഗബലം. 2 മന്ത്രിമാരേ ഒഴിവാക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. മന്ത്രി ആര് ഗാന്ധി, എം മതിവേന്ദ്രന്, മനോ തങ്കരാജ്, സി വി ഗണേശന് എന്നിവരില്‍ നിന്ന് രണ്ട് പേരെ ഒഴിവാക്കാനാണ് നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മന്ത്രപദവി കാത്തിരിക്കുന്നവരുടെ എണ്ണവും കുറവല്ല.






