
കൊച്ചി: തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ നടന് സിദ്ദിഖിനെതിരേ ലഭിച്ചതായി സൂചന. 2016 ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവം. തലസ്ഥാനത്തെ നിള തിയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ചു ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. 101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി.
ഗ്ളാസ് ജനാലയുടെ കര്ട്ടന് മാറ്റി പുറത്തേക്കു നോക്കിയാല്‍ സ്വിമ്മിങ് പൂള് കാണാമെന്നു യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അനേ്വഷണ സംഘത്തിന് ഇക്കാര്യം സ്ഥിരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണു തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴി മൂന്നുപേരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12 മണിക്കു മുറിയെടുത്ത സിദ്ദിഖ് പിറ്റേന്നു വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നതിനും തെളിവു ലഭിച്ചതായാണു സൂചന.
ചോറും മീന്‍കറിയും തൈരുമാണ് സിദ്ദിഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവയ്ക്കുന്ന ഹോട്ടല്‍ ബില്ലും അനേ്വഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. അതേസമയം സിദ്ദിഖ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടയില്‍ സിനിമാ മേഖലയിലെ ലൈംഗികാതിക്രമക്കേസുകള്‍ അനേ്വഷിക്കുന്ന പ്രത്യേക അനേ്വഷണ സംഘത്തിനു മുന്നില്‍ രണ്ടു കേസുകള്‍ കൂടിയെത്തി. കൊച്ചി ഇന്‍ഫോ പാര്‍ക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണു സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു കൈമാറിയത്.
ജൂനിയര്‍ ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. 2022 ഫെബ്രുവരിയില്‍ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അതിക്രമം നേരിട്ടെന്ന പരാതിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേയാണു കേസ്. ഇവരില്‍ രണ്ടുപേര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ്. അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങി വകുപ്പുകളാണു ചുമത്തിയത്. ഷൂട്ടിങ് ലൊക്കേഷനിലെ രണ്ടു ക്രൂ അംഗങ്ങള്‍ അശ്ലീലം പറഞ്ഞതു മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന ഭാരവാഹികളോടു പറഞ്ഞപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.






