
ചെന്നൈ: ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മറീനാബീച്ചില്‍ തമ്പടിച്ചിരിക്കുന്ന സമരക്കാര്‍ക്ക് നേരെ പോലീസ് നടപടി. ജെല്ലിക്കെട്ട് വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ ഉറപ്പാക്കിയ ശേഷവും ഇക്കാര്യത്തില്‍ പിടിവാശിയോടെ പ്രതിഷേധം തുടരുന്ന സമരക്കാരെ ബീച്ചില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടികള്‍ തമിഴ്നാട് പോലീസ് തുടങ്ങി. അതേസമയം സമരത്തിന് കൃത്യമായ ഒരു നേതൃത്വം ഇല്ലാത്തതിനാല്‍ കുഴങ്ങുകയാണ്. സമരക്കാരുമായി പോലീസ് ചര്‍ച്ച തുടരുകയാണ്. ഒരുവിഭാഗം സമരക്കാര്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കണമെന്ന് പറയുമ്പോള്‍ മറ്റൊരു വിഭാഗം അനുവദിക്കുന്നില്ല.
സമരക്കാര്‍ സമാധാനത്തോടെ പിരിഞ്ഞുപോകണമെന്ന് നേരത്തേ പോലീസ് ആവശ്യപ്പെട്ടിരുന്നു. സമരക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബീച്ചിലേക്കുള്ള പ്രധാന കവാടം പോലീസ് അടച്ചു. പ്രവേശനം നിഷേധിച്ച് പോലീസ് ബാരിക്കേഡും തീര്‍ത്തിട്ടുണ്ട്. സമരക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് മറീനാ ബീച്ചില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഏകദേശം 2,500 ലധികം പോലീസുകാരാണ് മറീനാബീച്ചില്‍ എത്തിയിട്ടുള്ളത്. ബാരിക്കേഡുകള്‍ വഴി ആള്‍ക്കാരെ പുറത്ത് എത്തിക്കാനുള്ള നീക്കമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
ലക്ഷ്യം നേടിക്കഴിഞ്ഞു, ഇനി പിരിഞ്ഞുപോണമെന്ന് നേരത്തേ സമരക്കാരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. പോലീസിനെ തങ്ങള്‍ വിശ്വസിക്കുന്നു എങ്കിലും ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് വ്യക്തതയ്ക്ക് ഉച്ചവരെയെങ്കിലും സമയം വേണമെന്നാണ് ഇതിന് പ്രതിഷേധക്കാരുടെ മറുപടി. പിന്നാലെ പ്രതിഷേധക്കാര്‍ ഒരുമിച്ച് ദേശീയഗാനം ആലപിക്കുകയും ചെയ്തു. അതേസമയം വലിയ ആള്‍ക്കൂട്ടത്തെ ഒഴിപ്പിക്കുന്നത് പോലീസിന് ഏറെ ദുഷ്ക്കരമായി മാറുന്നുണ്ട്. ഇതിനൊപ്പം കടലില്‍ ചാടുമെന്ന ഭീഷണിയും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.
വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് സമരത്തിന് മുന്നിലുള്ളത്. ഇക്കാര്യത്തില്‍ ശാശ്വതമായ ഒരു പരിഹാരമാണ് വേണ്ടതെന്നാണ് സമരക്കാരുടെ ആവശ്യം. ഇന്ന് മുതല്‍ തമിഴ്നാട്ടില്‍ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തില്‍ 19 ട്രെയിനുകളാണ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്. അതിനിടയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രധാനമന്ത്രിയൂടെ നിര്‍ദേശപ്രകാരം വീണ്ടും ആരംഭിച്ച ജല്ലിക്കെട്ടില്‍ പുതുക്കോട്ട ജില്ലയില്‍ രണ്ടുപേര്‍ മരണമടഞ്ഞിരുന്നു.






