
ഷിരൂര്‍: രണ്ടുമാസത്തെ പല ഘട്ടങ്ങളിലായി നടന്ന തെരച്ചിലിനൊടുവില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്നും ഇന്നലെയാണ് ലോറിയും അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ക്യാബിനുള്ളില്‍ നിന്നും അര്‍ജുന്റെ ഷര്‍ട്ടും ബനിയനും ചെരുപ്പും കണ്ടെത്തി. ഇത് അര്‍ജുന്റേതാണെന്ന് സഹോദരന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടകയും. ഇന്നലെ തന്നെ ലോറി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോയി. ഇതോടെ തെരച്ചില്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ക്യാബിനില്‍ നിന്ന് കൂടുതല്‍ പാത്രങ്ങളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അര്ജുന് ഉപയോഗിച്ച വസ്തുക്കള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്. അര്ജുന് ഓടിച്ചിരുന്ന ലോറിയില്‍ നിന്ന് അര്‍ജുന്റെ വസ്ത്രങ്ങളും മറ്റും ബന്ധുക്കള്‍ക്ക് കൈമാറണം. ശരീര ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.






