
പല കാരണങ്ങള്‍ക്കൊണ്ടും ആളുകള്‍ക്ക് ജോലി നഷ്ടമാകാറുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥയ്ക്ക് പ്രഭാതഭക്ഷണം വാങ്ങി നല്‍കിയല്ല എന്നാരോപിച്ച് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ് ഇവിടെ ഒരു കമ്പനി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കമ്പനിക്കെതിരെ വലിയ വിമര്‍ശനം ഉയരുകയും അധികൃതര്‍ തങ്ങളുടെ തെറ്റ് സമ്മതിച്ച് പിരിച്ചുവിട്ട ജീവനക്കാരിയെ തിരികെ എടുക്കുകയും ചെയ്തു. ജീവനക്കാരിയെ പിരിച്ചുവിട്ട സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി കമ്പനി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
ഷാങ്ഹായിലെ ഒരു വിദ്യഭ്യാസ സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ലൂ എന്ന സ്ത്രീയെയാണ് മേലുദ്യോഗസ്ഥയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങി നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതോടെ ലൂ തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ യുവതി പറയുന്നത് തന്റെ സൂപ്പര്‍വൈസര്‍ ആയ ലിയു എന്ന സ്ത്രീ എല്ലാദിവസവും രാവിലെ അവര്‍ക്കാവശ്യമായ പ്രഭാതഭക്ഷണം കൊണ്ടുവരണമെന്ന് തന്നോട് നിര്‍ദ്ദേശിച്ചതായാണ്.
തന്റെ മേലുദ്യോഗസ്ഥയുടെ യുക്തിരഹിതമായ ആവശ്യങ്ങളെക്കുറിച്ച് ഒരു വര്‍ക്ക് ചാറ്റ് ഗ്രൂപ്പില്‍ ലൂ പരാതിപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ അവളെ ശാസിക്കുകയും മാനവ വിഭവശേഷി വകുപ്പ് പിരിച്ചുവിടുകയും ആയിരുന്നു. എന്നാല്‍ കമ്പനി നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കമ്പനി അധികൃതര്‍ ലൂവിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയായ സൂപ്പര്‍വൈസറെ അധികാരം ദുരുപയോഗം ചെയ്തതിന് കമ്പനിയില്‍ നിന്ന് പുറത്താക്കി.






