
വ്യക്തി ശുചിത്വം പോലെ തന്നെ നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീടും, പൊതുവിടങ്ങളും, വാടകവീടുകളും ഒക്കെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ പൊതുവിടങ്ങളിലെത്തിയാല് അല്ലെങ്കില്‍ എവിടെയെങ്കിലും മുറിയെടുത്താല്‍ വളരെ മോശമായി പെരുമാറുകയും അവിടെയെല്ലാം വൃത്തികേടാക്കിയിടുകയും ചെയ്യുന്ന നിരവധിപേരുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നൈനിറ്റാളിലെ ഒരു ഹോംസ്റ്റേ ഉടമയാണ് അതിഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായ തികച്ചും നിരുത്തരവാദപരമായ പെരുമാറ്റം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ വീട്ടിലെ പല സാധനങ്ങളും അതിഥികള്‍ നശിപ്പിച്ചു എന്നാണ് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. തകര്‍ന്ന ടെലവിഷനും ചിതറിക്കിടക്കുന്ന കുപ്പികളുമെല്ലാം വീഡിയോയില്‍ കാണാം. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ നിന്നുള്ളവരായിരുന്നു അതിഥികള്‍ എന്നാണ് ഉടമ പറയുന്നത്.
ഈ പ്രദേശത്ത് നിന്നുള്ള സന്ദര്‍ശകരെ കുറിച്ച് നേരത്തെ തന്നെ ചിലര്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ള ഹോംസ്റ്റേ ഉടമകളോട് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. വീഡിയോയില്‍ പൊട്ടിയ ടെലവിഷനും, പൊട്ടി പലയിടത്തായി കിടക്കുന്ന കുപ്പികളും കാണാം. പല സാധനങ്ങളും അവിടവിടെയായി വലിച്ചെറിഞ്ഞ മട്ടിലാണ് കിടക്കുന്നത്. തങ്ങളുടെ വീട് തങ്ങള്‍ക്ക് വളരെ പ്രധാനമാണ് എന്നും അവിടെ നല്ല അനുഭവം സമ്മാനിക്കാനാണ് ശ്രമിക്കുന്നതെന്നും നിങ്ങളും അത് സ്വന്തം വീട് പോലെ കാണണം എന്നും വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല, പറയാതെയാണത്രെ അതിഥികള്‍ വെക്കേറ്റ് ചെയ്ത് പോയതും.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. ഈ ഉണ്ടാക്കിയ നാശത്തിന് കാശ് വാങ്ങണമെന്നും നേരത്തെ തന്നെ ഡെപ്പോസിറ്റ് വാങ്ങേണ്ടതായിരുന്നു എന്നും അഭിപ്രായപ്പെട്ടവരുണ്ട്.






