
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്ജുന് കേരളം വിട നല്കി. ജനസാഗരത്തിന്റെ അന്ത്യാഞ്ജലിക്ക് ശേഷം 11 മണിയോടെയാണ് അര്‍ജുന്റെ മൃതദേഹം ചിതയില്‍വെച്ചു. കുടുംബാംഗങ്ങളുടെ അഭിലാഷം പോലെ കണ്ണാടിക്കല്‍ ഗ്രാമത്തിലെ വീട്ടുവളപ്പില്‍ തന്നെ അന്ത്യവിശ്രമം. 72 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹം ഷിരൂരിലെ ഗംഗാവാലി പുഴയില്‍ നിന്നും കണ്ടെത്തിയത്.
അവിടെ നിന്നും കര്‍ണാടകത്തിന്റെ സഹകരണത്തോടെയാണ് മൃതദേഹം കോഴിക്കേട്ടെ കണ്ണാടിക്കല്‍ ഗ്രാമത്തില്‍ എത്തിച്ചത്. വഴിയില്‍ ഉടനീളം വന്‍ ജനാവലിയാണ് പ്രിയപ്പെട്ടവന്റെ വിലാപയാത്രയ്ക്കൊപ്പം നടന്നത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് പിന്നാലെ കണ്ണാടിക്കല്‍ ഗ്രാമത്തിലേക്ക് ജനസാഗരം ഒഴുകി. വീട്ടിലും വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നിരുന്നത്്. രാവിലെ 8.30 യോടെയാണ് മൃതദേഹം എത്തിച്ചത്.
അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവരുന്നത്.
അനേകായിരങ്ങളുടെ അന്ത്യാജ്ഞലിക്ക് ശേഷമാണ് ചിതയില്‍ വെച്ചത്് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.






