
മോഷണം പോയ ഹെല്മറ്റിനായി നിയമപോരാട്ടം നടത്തി അഭിഭാഷകന്. കഴിഞ്ഞ മാസം ലഖ്നൗ ജനറല്‍ പോസ്റ്റ് ഓഫീസില്‍ വച്ചാണ് അഭിഭാഷകന്റെ ഹെല്‍മറ്റ് മോഷണം പോയത്. പിന്നാലെ, 33 -കാരനായ അഡ്വ. പാണ്ഡെ പോലീസില്‍ പരാതി നല്കി. എന്നാല്‍, കെസെടുക്കാന്‍ പോലീസ് വിസമ്മതിച്ചതോടെ യുവാവ് നേരെ കോടതിയെ സമീപിക്കുകയായിരുന്നു. എന്തായാലും ഇപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ കേസെടുത്തു കഴിഞ്ഞു.
ഓഗസ്റ്റ് 17 -ന് ഉച്ചയ്ക്ക് 2.24 ഓടെയാണ് ജനറല്‍ പോസ്റ്റ് ഓഫീസില്‍ വച്ച് തന്റെ കറുത്ത ഹെല്‍മെറ്റ് മോഷണം പോയത് എന്നാണ് പാണ്ഡെ പറയുന്നത്. കോടതി പുറപ്പെടുവിച്ച നോട്ടീസ് അയയ്ക്കാന്‍ പോയപ്പോഴാണ് പോസ്റ്റ് ഓഫീസില്‍ വച്ച് ഹെല്‍മെറ്റ് മോഷ്ടിക്കപ്പെട്ടത് എന്നും പാണ്ഡെ പിടിഐയോട് പറഞ്ഞു. അവിടെ വരിയില്‍ നില്‍ക്കുകയായിരുന്ന ആരോ ആണ് തന്റെ ഹെല്‍മെറ്റ് മോഷ്ടിച്ചത് എന്നും യുവാവ് ആരോപിക്കുന്നു. ആ ഹെല്‍മറ്റ് ഞാന്‍ ഒരു പ്രത്യേക അവസരത്തില്‍ വാങ്ങിയതോ ആരും എനിക്ക് സമ്മാനിച്ചതോ ഒന്നും അല്ല. എന്നിരുന്നാലും, ഇത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍വച്ച് മോഷ്ടിക്കപ്പെടുക എന്നത് ഒരു ഗുരുതരമായ പ്രശ്നമാണ് എന്നാണ് പാണ്ഡെ പറയുന്നത്.
ഹെല്‍മറ്റ് മോഷണം പോയതിന് പിന്നാലെ താന്‍ പ്രദേശത്തെ പോലീസ് സ്റ്റേഷനിലാണ് ചെന്നത്. എന്നാല്‍, കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. അതുകൊണ്ടാണ് തനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് എന്നും പാണ്ഡെ പറഞ്ഞു. 10-15 ദിവസം മുമ്പ് താന്‍ വാങ്ങിയ ഹെല്മെറ്റാണത്. ഒരു ഹെല്‍മെറ്റ് പോയതല്ല വിഷയം. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും അത് മോഷണം പോയി, പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചു എന്നതാണ് വിഷയം എന്നും പാണ്ഡെ പറഞ്ഞു. എന്തായാലും കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.






