
ആലപ്പുഴ: ആഗ്രഹംപോലെ ജര്‍മന്‍ എഴുത്തുകാരി സീല്വി ബ്രിഗിറ്റെ ബാന്റ്ലെ(69)യ്ക്ക് മലയാളനാട്ടില് അന്ത്യവിശ്രമം. ചിത്രകാരന് പറവൂര്‍ സ്വദേശി ഡി. അലക്സാണ്ടറുടെ ഭാര്യയായി കേരളത്തിന്റെ മരുമകളായ സീല്വിക്ക് ചെട്ടികാടുള്ള ആര്‍ട്ട് ഗ്യാലറി വളപ്പില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു ആഗ്രഹം. ഉറ്റവര്‍ അത് നിറവേറ്റി.
തീരദേശ ഗ്രാമമായ പുന്നപ്രയിലെ ജനങ്ങളുടെ ജീവിതം ജര്‍മന്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് നര്‍ത്തകിയും ഫാഷന്‍ ഡിസൈനറും ചലച്ചിത്ര- നാടക പ്രവര്‍ത്തകയുമായ സീല്വി. തൊണ്ണൂറുകളിലാണ് അലക്സാണ്ടറുമായി അടുപ്പത്തിലാകുന്നത്.
2004ല്‍ വിവാഹിതരായി. 2012ല്‍ ജര്‍മനി വിട്ട് കേരളത്തില്‍ സ്ഥിരതാമസമാക്കി. ചെട്ടികാട് സീല്വിയാണ്ടര് ഹൗസ് ആന്‍ഡ് ആര്‍ട്ട് മ്യൂസിയം എന്ന പേരില്‍ ആരംഭിച്ച ആര്‍ട്ട് ഗ്യാലറിയിലും ഇടുക്കി കുമളിയില്‍ വാങ്ങിയ വീട്ടിലുമായിരുന്നു താമസം. ഇതിനിടെ കലാസാഹിത്യരംഗത്ത് വലിയ ഉയരങ്ങള്‍ താണ്ടാനായി. ആറുമാസംകൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കാല്‍നടയായി താണ്ടി. സഹാറ മരുഭൂമി മുറിച്ചുകടന്ന് ചരിത്രം കുറിച്ചു.
ചെട്ടികാട് ഗ്രാമവും കടപ്പുറവും പശ്ചാത്തലമാക്കി പുതിയ നോവല്‍ പൂര്‍ത്തിയായി വരവെയാണ് അര്‍ബുദം ജീവനെടുത്തത്. ചെട്ടികാട് ആര്‍ട്ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ക്രൈസ്തവ മതാചാരപ്രകാരം നടന്ന അന്ത്യശുശ്രൂഷയ്ക്കു ശേഷം ആര്‍ട്ട് ഗ്യാലറിക്ക് സമീപമുള്ള മരച്ചുവട്ടില്‍ സംസ്കരിച്ചു.






