
ന്യൂഡല്‍ഹി/ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭോപ്പാലിനടുത്തുള്ള ബഗ്രോഡ വ്യവസായ മേഖലയില്‍ വന്‍ മയക്കുമരുന്നു നിര്‍മാണ കേന്ദ്രം കണ്ടെത്തി. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി)യും ഗുജറാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡും (എ.ടി.എസ്.) സംയുക്തമായി നടത്തിയ റെയ്ഡില്‍ 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. നിരോധിത മെഫെഡ്രോണ്‍ (എം.ഡി.) മരുന്നുകളാണു കണ്ടെടുത്തത്.
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. 2,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷെഡിനുള്ളിലായിരുന്നു മയക്കുമരുന്ന് നിര്‍മാണ ഫാക്ടറി. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ മയക്കുമരുന്ന് നിര്‍മാണം നടക്കുകയായിരുന്നു. പ്രധാന പ്രതികളെന്നു തിരിച്ചറിഞ്ഞ സന്യാല്‍ പ്രകാശ് ബാനെ, അമിത് ചതുര്‍വേദി എന്നിവരെ അറസ്റ്റ് ചെയ്തു.
സമാനമായ കേസില്‍ 2017 ല്‍ ബാനെയെ മുംബൈയിലെ അംബോലിയില്വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അമിത് ചതുര്‍വേദിയുമായി ചേര്‍ന്ന് നിയമവിരുദ്ധമായ മയക്കുമരുന്ന് നിര്‍മാണം ആരംഭിച്ചു. ഏഴു മാസം മുമ്പാണ് ഇരുവരും ബഗ്രോഡ വ്യവസായ മേഖലയില്‍ ഒരു ഷെഡ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് നിര്‍മാണം തുടങ്ങിയത്.
അനധികൃത മയക്കുമരുന്ന് നിര്‍മാണത്തിന്റെ പ്രധാനകേന്ദ്രമായി ഇതു മാറി. പ്രതിദിനം 25 കിലോ എംഡിയാണ്ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. റെയ്ഡില്‍ 907 കിലോ മെഫെഡ്രോണും 5,000 കിലോ അസംസ്കൃത വസ്തുക്കളും മയക്കുമരുന്ന് നിര്‍മ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഗുജറാത്ത് എ.ടി.എസ്. ഇതുവരെ പിടികൂടിയ ഏറ്റവും വലിയ അനധികൃത മയക്കുമരുന്ന് നിര്‍മ്മാണ യൂണിറ്റാണിത്. റാക്കറ്റിലെ മറ്റ് അംഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എവിടെയാണ് മയക്കുമരുന്നുകള്‍ വിറ്റിരുന്നത്, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ അനേ്വഷണം നടത്തും. രാജ്യവ്യാപകമായി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മയക്കുമരുന്ന് ശൃംഖലയെ പൂര്‍ണമായി പുറത്തുകൊണ്ടുവരുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, ബുധനാഴ്ച ഡല്‍ഹി പോലീസ് നടത്തിയ മറ്റൊരു നീക്കത്തില്‍ കോടികളുടെ മയക്കുമരുന്നു പിടികൂടിയിരുന്നു. ഡല്‍ഹിയിലെ ഒരു ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ 560 കിലോ കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമാണ് പിടികൂടിയത്. വിപണി മൂല്യം കണക്കാക്കിയാല്‍ 5,620 കോടി രൂപ വിലമതിക്കുമിതിന്. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലുമെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നാവിക സേനയും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ ഗുജറാത്ത് തീരത്തു നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. രാജ്യാന്തര വിപണിയില്‍ 1,300 മുതല്‍ 2,000 കോടി രൂപ വരെ വിലവരും.






