
ചെറുതോണി: ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. എല്‍. മനോജിനെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചിത്തിരപുരത്തെ ഹോട്ടല്‍ ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
'പനോരമിക് കെറ്റ്സ്' എന്ന ഹോട്ടലിന്റെ ഉടമയില്‍നിന്നു ശുചിത്വ സര്‍ട്ടിഫിക്കറ്റിനായി 75,000 രൂപ കൈപ്പറ്റുന്നതിനിടെ ഇയാളെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. ഗുരുതര പരാതികളെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ഡി.എം.ഒ ഇന്നലെയാണ് ജോലിയില്‍ തിരികെ കയറിയത്.
ഹോട്ടല്‍ ഉടമയില്‍നിന്ന് ഒരു ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് ഇത് ചര്‍ച്ചചെയ്ത് 75,000 രൂപയാക്കി. സുഹൃത്തായ മറ്റൊരു ഡോക്ടറുടെ സ്വകാര്യ ഡ്രൈവറായ രാഹുല്‍രാജ് എന്നയാളുടെ ഗൂഗിള്‍ പേ നമ്പരിലേക്ക് പണം നല്‍കണം എന്നായിരുന്നു മനോജ് ആവശ്യപ്പെട്ടിരുന്നത്. ഹോട്ടല്‍ ഉടമ ഇത് സമ്മതിക്കുകയും ചെയ്തു.
ഇതിനായി ഗൂഗിള്‍ പേ നമ്പരും നല്കി. ഇതുസംബന്ധിച്ച് വിവരം ലഭിച്ച വിജിലന്‍സ് സംഘം ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു.
ഇതിനിടെയായിരുന്നു അറസ്റ്റ്. ഗുരുതരമായ പരാതികളെത്തുടര്‍ന്ന് നേരത്തേ ഡോ. മനോജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരേ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.
തന്റെ വിശദീകരണം കേള്‍ക്കാതെയും മതിയായ അന്വേഷണം നടത്താതെയുമാണ് സസ്പെന്‍ഡുചെയ്തതെന്നായിരുന്നു മനോജിന്റെ വാദം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്പോലും കിട്ടുന്നതിന് മുന്‍പാണ് ഡി.എം.ഒയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം ചെയര്‍മാനായ ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഇതേത്തുടര്‍ന്ന് സസ്പെന്ഷന് മരവിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ ജോലിയില്‍ പ്രവേശിച്ചത്. വിജിലന്‍സ് ഡിവൈ.എസ്.പി: ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോ. എല്‍. മനോജിനെ അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ അക്കൗണ്ടിലൂടെ പണം സ്വീകരിച്ച് ഡി.എം.ഒയ്ക്ക് കൈമാറിയ ഡ്രൈവര്‍ രാഹുല്‍ രാജിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.






