
കൊച്ചി : ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരായ സിദ്ധിഖിന്റെ ഹര്‍ജിയിലാണു സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കന്റോണ്‍മെന്റ് എ.സി.പിയാണ് ഒബ്ജക്ഷന് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
സിദ്ദിഖിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കേയാണു സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ബാഹ്യസ്വാധീനത്തിനു ശ്രമമുണ്ട്. പരാതി നല്കാന് കാലവിളംബമുണ്ടായി എന്നതു ജാമ്യം നല്‍കാനുള്ള കാരണമാകുന്നില്ല. സിനിമാ സംഘടനാ ഭാരവാഹിയും സ്വാധീനശേഷിയുമുള്ളയാളാണു പ്രതി. പ്രതിയുടെ ബന്ധുക്കള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ്. ബാക്കി സാക്ഷികളില്‍നിന്നും മൊഴിയെടുക്കും മുമ്പായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതു അനിവാര്യമാണ്.
പ്രതിക്ക് ഇരട്ട വ്യക്തിത്വമുണ്ടെന്നു സാക്ഷിമൊഴികളില്നിന്നു വ്യക്തമാണ്. 2019 ല്‍ കെ.പി.എ.സി. ലളിതയെ ഇന്റര്‍വ്യൂ ചെയ്ത വീഡിയോ ഇതിനു തെളിവാണ്. 'മീ ടു' സംബന്ധിച്ച ചോദ്യത്തിന് സ്ത്രീകളോടു അപമര്യാദയായി പെരുമാറുന്നവരുടെ ചെപ്പക്കുറ്റിയ്ക്ക് അടിക്കണം എന്നാണു അന്ന് അഭിമുഖത്തില്‍ പ്രതി പ്രതികരിച്ചത്. ഇതു കണ്ട പരാതിക്കാരി സോഷ്യല്‍ മീഡിയ വഴി, തന്നെ പീഡിപ്പിച്ച ആളാരാണെന്ന സൂചനയോടെ പോസ്റ്റിട്ടു. ഇതോടെ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു ശക്തമായ സമ്മര്‍ദമുണ്ടായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നുവെന്നു പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഒബ്ജക്ഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതിക്കെതിരേ ശക്തമായ സാഹചര്യ തെളിവുകളുണ്ട്. ഹോട്ടലിലെ സി.സി. ടിവി, രജിസ്റ്ററുകള്‍, ജീവനക്കാരുടെ മൊഴികള്‍, മറ്റു ഡിജിറ്റല്‍ തെളിവുകള്‍ എല്ലാം കുറ്റകൃത്യം സംശയാതീതമായി തെളിയിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സിദ്ദിഖിന്റെ ജാമ്യഹര്‍ജിയില്‍ പ്രമുഖ അഭിഭാഷക ഐശ്വര്യ ഭാട്ടി കേരളത്തിനായി ഹാജരാകും. കേസ് കഴിഞ് 29നു പരിഗണിച്ചപ്പോള്‍ ഇവരാണു ഹാജരായത്.
സിദ്ദിഖിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകള്‍ റോത്തഗിയാണു ഹാജരാകുന്നത്. നടന് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിണിച്ചില്ലെന്നുമാണു ഹര്‍ജിയില്‍ സിദ്ദിഖ് വാദിക്കുന്നത്.
അതിനിടെ, ജാമ്യാപേക്ഷയ്ക്കെതിരേ മറ്റൊരു തടസ ഹര്‍ജികൂടി കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ നവാസാണു ഹര്‍ജി നല്‍കിയത്. ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ, ഒരു തവണ ചോദ്യംചെയ്യലിനും ഹാജരായി. 2016ല്‍ നടന്ന സംഭവത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെയാണ് നടി പരാതി നല്‍കിയത്.
തിരുവനന്തപുരത്തെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണു നടിയുടെ പരാതി. തെളിവുകള്‍ സിദ്ദിഖിന് എതിരായിരുന്നു. ഇതോടെയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനകേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനും ഇടവേള ബാബുവിനുമെല്ലാം ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.
നടി പരാതി നല്കാന് വൈകിയത് കുറ്റമായി കാണാനാവില്ലെന്നും പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.






