
വീണ്ടും വിവാഹിതയായെന്ന പ്രഖ്യാപനവുമായി ഗായിക ബ്രിട്നി സ്പിയേഴ്സ്. മൂന്ന് തവണ വിവാഹിതയായ ബ്രിട്നി വീണ്ടും വിവാഹിതയായെന്ന വാർത്ത ആദ്യം ആരാധകരിൽ അത്ര കൗതുകം ഉണ്ടാക്കിയില്ല. എന്നാൽ ആരെയാണ് ബ്രിട്നി വിവാഹം ചെയ്തത് എന്നറിഞ്ഞപ്പോൾ പലരും ഒന്ന് അമ്പരന്നു. സ്വയം വിവാഹം ചെയ്തുവെന്ന പ്രഖ്യാപനമാണ് താരം നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താൻ വീണ്ടും വിവാഹിതയായെന്ന വെളിപ്പെടുത്തൽ ബ്രിട്നി നടത്തിയത്.
ഞാൻ എന്നെ തന്നെ വിവാഹം ചെയ്ത ദിവസം. മറ്റുള്ളവർക്കിത് മണ്ടത്തരമോ മോശമായോ തോന്നിയേക്കാം. എന്നാൽ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ തീരുമാനമാണിതെന്നാണ് കരുതുന്നതെന്ന് വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പിൽ ബ്രിട്നി പറയുന്നു. സാറ്റിൻ വെഡ്ഡിങ് ഗൗണും, വെയിലും ധരിച്ചെത്തിയാണ് സ്വയം വിവാഹിതയായെന്ന പ്രഖ്യാപനം ബ്രിട്നി നടത്തിയിരിക്കുന്നത്. ഇതിന് മുൻപ് മൂന്ന് തവണ വിവാഹിതയായിട്ടുള്ള താരത്തിന്റെ നാലാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.
2004ൽ ജേസൻ അലൻ അലക്സാണ്ടറിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. വെറും 55 മണിക്കൂർ കൊണ്ട് ഈ ബന്ധം അവസാനിപ്പിച്ചു. അതേ വർഷം തന്നെ ഗായകൻ കെവിൻ ഫെദർലൈനുമായുള്ള വിവാഹം നടന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. 2007ൽ ഈ ബന്ധവും അവസാനിപ്പിച്ചു. അതിന് ശേഷം 2022 ജൂൺ ഒൻപതിന് നടനും മോഡലുമായ സാം അസ്ഖാരിയെ വിവാഹം ചെയ്തു. ബ്രിട്നിയെക്കാൾ 12 വയസ്സ് ഇളയതായിരുന്നു സാം. 2016ൽ ഒരു മ്യൂസിക്കൽ ഷോയ്ക്കിടെയാണ് ബ്രിട്നിയും സാം അസ്ഖാരിയും കണ്ടുമുട്ടിയത്. പതിനാല് മാസത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2023ൽ ഇവർ വിവാഹമോചിതരായി..






