
അടിമാലി: കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകൂട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂത്തുലഞ്ഞു. അടിമാലി-കുമളി ദേശീയപാത 185 ലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് നവ്യാനുഭവമാണ് പൂത്തുലഞ്ഞ പനങ്കുലകള്‍. ഈ മേഖലയില്‍ നൂറുകണക്കിന് കുടപ്പനകളാണ് കൂട്ടത്തോടെ പൂവിട്ട് പൂങ്കുലകളാല്‍ സമൃദ്ധമായിട്ടുള്ളത്. ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയനാമം കോറിഫ എന്നാണ്.
ആദ്യകാലങ്ങളില്‍ കൂടയുണ്ടാക്കാനായി ഇതിന്റെ ഓലകള്‍ (പട്ടകള്) ധാരാളമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാകാം ഈ ഇനത്തില്‍പ്പെട്ട പനകള്‍ക്ക് കുടപ്പന എന്ന പേരുവന്നത്. വീടുകളുടെ മേല്‍ക്കൂര മേയാനായി ഇതിന്റെ ഓലകള്‍ വ്യാപകമായി പണ്ട് ഉപയോഗിച്ചിരുന്നു. കേരളത്തില്‍ ആദ്യ കാലങ്ങളില്‍ എല്ലാവരും ഉപയോഗിച്ചിരുന്നത് ഇതിന്റെ പട്ടകള് കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകള്‍ കാര്‍ഷിക മേഖലയില്‍ ഇന്നും ഉപയോഗിച്ചു വരുന്നുണ്ട്.
തൊപ്പിക്കുടകള്‍ പുരുഷന്മാരും കുണ്ടന്‍കുടകള്‍ കുനിഞ്ഞു നിന്നു പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും ഉപയോഗിക്കുന്നു. അനുഷ്ഠാനപരമായ ആവശ്യങ്ങള്‍ക്കും അലങ്കാരാവശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകള്‍ ഉണ്ടാക്കാറുണ്ട്.
കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും തീരപ്രദേശങ്ങളിലായിരുന്നു കുടപ്പനകള്‍ ധാരാളമായി കണ്ടുവന്നിരുന്നത്. ഇടുക്കിയില്‍ കല്ലാര്‍കുട്ടി ടൗണിനു സമീപം മുതിരപ്പുഴയാറിനു കുറുകെ നിര്‍മിച്ചിട്ടുള്ള നേര്യമംഗലം പവര്‍ഹൗസിന്റെ ഭാഗമായ അണക്കെട്ടിന് താഴ്ഭാഗത്തായാണ് കുടപ്പനകള്‍ ധാരാളമായി കണ്ടുവരുന്നത്.
ഇളംമഞ്ഞ നിറത്തിലുള്ള പനങ്കുലകള്‍ പൂത്തുലഞ്ഞതോടെ പനയുടെ പച്ചയോലകള്‍ കാണാന്‍പോലും കഴിയില്ല. ഇതോടെ ഇതുവഴി പോകുന്ന വിനോദസഞ്ചാരികള്‍ അടക്കം വാഹനങ്ങള്‍ നിര്‍ത്തി, പനംകുലകളാല് സമൃദ്ധമായ പനംകൂട്ടിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചാണ് മടങ്ങുന്നത്. പനമരങ്ങള്‍ വിവിധ ഇനങ്ങളില്‍ അറിയപ്പെടുന്നുണ്ട്.
ഈന്തപ്പന, കരിമ്പന, ചൂണ്ടപ്പന, എണ്ണപ്പനയൊക്കെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നുണ്ട്. പനയില്‍നിന്നും ഒട്ടനവധി ഉല്പന്നങ്ങള് ശേഖരിക്കുന്നുണ്ടെങ്കിലും ചെത്തിക്കിട്ടുന്ന കള്ളും കരിപ്പെട്ടി ചക്കരയുമൊക്കെ ഏറെ പ്രസിദ്ധമാണ്.
പഴയകാലങ്ങളില്‍ താളിയോല ഗ്രന്ഥങ്ങള്‍ നിര്‍മിച്ചിരുന്നതും പനയോലകള്‍ ഉപയോഗിച്ചായിരുന്നു. തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളില്‍ പനങ്കരിക്ക് വിശപ്പും ദാഹവും അകറ്റാന്‍ ഉപയോഗിക്കുന്നതും വ്യാപകമാണ്. പനങ്കുരകള് ഉപയോഗിച്ച് മരുന്നുകളും വിഭവങ്ങളും ഉണ്ടാക്കുന്നത് സര്‍വസാധാരണയാണെങ്കിലും പനകള്‍ കൂട്ടത്തോടെ പൂത്തുലയുന്നത് ആദ്യമായി കാണുന്നവരാണ് അധികവും.