
വിശാഖപട്ടണം; വൃൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവിച്ച യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിട്ടു.വൃത്തിഹീനമായ ശുചിമുറിയും ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി.
തിരുമല എക്സ്പ്രസില്‍ എസി കോച്ചില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത വി മൂര്‍ത്തിയാണ് പരാതിക്കാരന്. തേഡ് എസിയില്‍ പരാതിക്കാരന് നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 2023 ജൂണ്‍ 5 നാണ് മൂര്‍ത്തിയും കുടുംബവും തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിയത്. യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാന്‍ പോയപ്പോള്‍ ശുചി മുറി വൃത്തിഹീനവും വെള്ളവുമില്ലാത്ത നിലയിലായിരുന്നു. കൂടാതെ, എസി ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. മൂര്‍ത്തി ഈ വിഷയങ്ങള്‍ ദുവ്വാഡയിലെ റെയില്‍വേ ഓഫീസില്‍ അറിയിച്ചെങ്കിലും പ്രതികണമുണ്ടായില്ല.






