
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി താര സംഘടന 'അമ്മ' കേരള പിറവി ആഘോഷം സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള സമവായ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. കൊച്ചിയിലെ 'അമ്മ' ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. 'അമ്മ' യുടെ അധ്യക്ഷ സ്ഥാനം മോഹന്‍ലാല്‍ രണ്ടു മാസം മുമ്പ് രാജിവച്ച ശേഷം നടന്ന ആദ്യ സംഗമത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. 'അമ്മ' സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
'അമ്മ' യില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാവരെയും തിരിച്ചുകൊണ്ടുവരും-അദ്ദേഹം പറഞ്ഞു. എന്നാല്‍ 'അമ്മ' യുടെ പൊതുപരിപാടിയില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും വിട്ടു നിന്നു. കൊച്ചിയില്‍ തന്നെയുണ്ടായിരുന്ന രണ്ടു പേരും ചടങ്ങിനെത്തിയില്ല. പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ മോഹന്‍ലാല്‍ അതൃപ്തനാണെന്നാണ് സൂചന.
അടുത്ത പൊതുയോഗത്തില്‍ മാത്രമേ ഇനി ഭാരവാഹി തെരഞ്ഞെടുപ്പുണ്ടാകൂ. അതേസമയം, അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന് വിനു മോഹന്‍ പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടന്‍ വരും. രാജിവെച്ച കമ്മിറ്റിയെ കുത്തിനുപിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന് ധര്മ്മജന് ബോള്‍ഗാട്ടി അറിയിച്ചു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു.
ഇതിനു പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ'അമ്മ' യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്. ഇതിന് ശേഷം അഡ്ഹോക് കമ്മിറ്റി എത്തി. ഈ സമിതിയാണ് കേരളപ്പറിവി ആഘോഷിച്ചത്. കേരള പിറവി ആഘോഷം ഉദ്ഘാടന ചെയ്ത ശേഷമാണ് സുരേഷ് ഗോപി പുതിയ ചര്‍ച്ചകളെക്കുറിച്ചുള്ള സ്ഥിരീകരണം നല്‍കിയത്.






