
റിലീസ് ആയ കാലം മുതൽ ഇന്നോളം മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ആ ചിരി ഓർമ്മകൾ മലയാളത്തിലെ ഒരു അഭിനേതാവിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായി മാറിയിരുന്നു, ഹരിശ്രീ അശോകന്റെ.
രമണൻ എന്ന കഥാപാത്രമായി ഹരിശ്രീ അശോകൻ അന്ന് മുതൽ ഇന്ന് വരെ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.
അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറിയ സിനിമയായത് കൊണ്ടാവാം തന്റെ സ്വപ്നഭവനത്തിന് പഞ്ചാബി ഹൗസ് എന്നാണ് ഹരിശ്രീ അശോകൻ പേരിട്ടത്.
സിനിമ ചിരിയാണ് പകരുന്നതെങ്കിലും താരത്തിന്റെ വീട് സന്തോഷം നൽകിയത് അല്പനാളത്തേക്ക് മാത്രമാണ്. ഈ വീടുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ടുകള്‍ ആയിരുന്നു താരത്തിന് നേരിടേണ്ടിവന്നത്.
ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ഹരിശ്രീ അശോകൻ.
"രാവും പകലുമില്ലാതെ കഷ്ടപ്പെട്ട് സിനിമ ചെയ്ത് ഞാനൊരു വീട് വച്ചു. സ്വപ്നം പോലെയൊരു വീട്. ആ വീടിനിട്ട പേരാണ് പഞ്ചാബി ഹൗസ്. ആ സിനിമ ഹിറ്റാണ്. പക്ഷേ എന്റെ വീട് ഫ്ലോപ്പാണ്. വീട് പണിത്
താമസം തുടങ്ങി അല്‍പ്പ നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ തറയിലെ ടൈലുകള്‍ മുഴുവൻ ഇളകി വരാൻ തുടങ്ങി. കരാറുകാരനുമായി ഈ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ ഈ വിഷയം ഉപഭോക്തൃകോടതിയിലും എത്തി.
ഒരുപാട് കഷ്ടപ്പെട്ടാണ് കൊച്ചിയില്‍ സ്ഥലം വാങ്ങി നല്ലൊരു വീടുവച്ചത്. അപ്പോള്‍ വലിയ സന്തോഷം ആയിരുന്നു.
എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വീടിന്റെ ഫർണിഷിംഗ്- ഫ്ളോറിംഗ് ഘട്ടത്തില്‍ സംഭവിച്ച പിഴവാണ് വീട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം ആയത്.
ഫർണിഷിംഗ് പൂർത്തിയായി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ടൈല്‍ പൊട്ടാൻ ആരംഭിച്ചു. രാത്രി ഉഗ്രശബ്ദം കേട്ട് പോയി നോക്കിയപ്പോള്‍ ടൈല്‍ പൊട്ടിയതാണ് കണ്ടത്. പണി ചെയ്ത ആളെ വിളിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് വന്നത്. പിന്നീട് ടൈല്‍ ശരിയാക്കിയതിന് കാശ് ചോദിച്ചു. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബാക്കിയുള്ള ടൈലുകളും തകരാൻ ആരംഭിച്ചു.
പരാതി പരിശോധിക്കാൻ കോടതി കമ്മീഷനെ വച്ചു. അവർ വന്ന് വീട് പരിശോധിച്ച് സാമ്പിളുകള്‍ കൊണ്ടുപോയി. പരിശോധനയില്‍ ടൈല്‍ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻകാരണം എന്നായിരുന്നു കണ്ടെത്തല്‍. ഇതോടെയാണ് അനുകൂല വിധി ഉണ്ടായത്... " ഹരിശ്രീ അശോകൻ പറയുന്നു.






