
നോയ്ഡ: വീടിന്റെ മുകളില്‍ ചെടികള്‍ നട്ടു പരിപാലിച്ച് വളര്‍ത്തിയതിന് 46 കാരന് അറസ്റ്റിലായി. അറസ്റ്റിലായ രാഹുല്‍ ചൗധരിയും ഭാര്യയും ചേര്‍ന്ന് നോയ്ഡയിലെ തന്റെ അപ്പാര്‍ട്ട്മെന്റിന് മുകളില്‍ ഏകദേശം 60 ലക്ഷത്തോളം വില വരുന്ന കഞ്ചാവിന്റെ 80 തരം ചെടികളായിരുന്നു വളര്‍ത്തിയത്. വളവും വെള്ളവും രാസക്കൂട്ടുകളും ചേര്‍ത്ത് ഓരോ ചെടിയേയും പരിപാലിച്ച് ആയിരുന്നു വളര്ത്തിയെടുത്തത്്.
കഴിഞ്ഞ ദിവസം വീടിനുള്ളില്‍ കഞ്ചാവ് വളര്‍ത്തിയ ഒരു ബംഗലുരു അടിസ്ഥാനമായ ദമ്പതികളും പോലീസ് പിടിയിലായിരുന്നു. ഇതിന്റെ ഫേസ്്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ കാരണമായത്. നോയ്ഡയിലെ ദമ്പതികളെ കുടുക്കാനുള്ള പോലീസിന്റെ കോഡ്നാമം ഓപ്പറേഷന് പ്രഹര് എന്നായിരുന്നു. ഫ്ളാറ്റിലെ ഒരാളില്‍ നിന്നു തന്നെയായിരുന്നു ഇതിന്റെ വിവരം പോലീസിന് കിട്ടിയതും. പോലീസും നാര്‍ക്കോട്ടിക് വകുപ്പും ചേര്‍ന്നായിരുന്നു രഹസ്യമായ ഓപ്പറേഷന് നടത്തിയത്. പ്രത്യേക ചെടിച്ചട്ടികളിലായിരുന്നു ഓരോ കഞ്ചാവ് ചെടിയും വളര്‍ത്തിയിരുന്നത്. ഓരോ ചെടിയില്‍ നിന്നും രണ്ടുഗ്രാം വീതം മൊത്തം 163 ഗ്രാം കഞ്ചാവാണ് പിടിച്ചത്. ചെടിയ്ക്ക് വളര്‍ച്ച നല്‍കാനുള്ള വളവും രാസവസ്തുക്കളും ചെടിയുടെ വിത്തുകളുമെല്ലാം പിടിച്ചെടുത്തു.
ചെടി വലിയ രീതിയലാണ് പരിപാലിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ദിവസവും മണ്ണു നനയ്ക്കുക, ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യമായ താപനില ക്രമീകരിക്കാന്‍ തോട്ടത്തില്‍ എയര്‍കണ്ടീഷനിംഗ് സംവിധാനവും ചെയ്തിരുന്നു. അനാവശ്യ ശ്രദ്ധ കിട്ടാതിരിക്കാന്‍ വാതിലും ജനാല സംവിധാനവുമെല്ലാം ക്രീമീകരിച്ചിരുന്നു. സൂര്യപ്രകാശം കിട്ടാത്ത സാഹചര്യത്തില്‍ ഫോട്ടോസിന്തസീസ് ശരിയായി നടക്കാന്‍ ലൈറ്റുകളും അറേഞ്ച് ചെയ്തിരുന്നു. ഇങ്ങിനെ ഓരോ ചെടികള്‍ക്കും വേണ്ടി അയാള്‍ 5000 മുതല്‍ 6000 വരെ മുതല്‍ മുടക്കി. ചെടി വളര്‍ന്നുവരാന്‍ 110 ദിവസം എടുത്തെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
ഓരോ ചെടിയില്‍ നിന്നും നിക്ഷേപിച്ചതിന്റെ പത്തുമടങ്ങ് തിരികെ കിട്ടാന്‍ പ്രാപ്തിയിലായിരുന്നു കൃഷി. ഇന്ത്യന്‍ വിപണിയില്‍ കിട്ടാത്ത കഞ്ചാവിന്റെ വിത്ത് വിദേശ വെബ്സൈറ്റായ സീഡ്സ്മാനില് നിന്നുമാണ് ഇയാള്‍ വരുത്തിയത്. ഇതിന്റെ പണമിടപാടെല്ലാം പേപാള്‍ വഴി നടത്തി. മീററ്റ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇയാള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താണ് വീട്ടില്‍ ചെടികള്‍ വളര്‍ത്താനുള്ള ശാസ്ത്രീയരീതി പഠിച്ചെടുത്തത്. ഡാര്‍ക്ക് വെബ്ബില്‍ തെരഞ്ഞായിരുന്നു കസ്റ്റേമേഴ്സിനെ കണ്ടെത്തിയിരുന്നത്.
രണ്ടു വര്‍ഷം മുമ്പായിരുന്നു ആദ്യ കഞ്ചാവ് ചെടി ഇയാള്‍ നട്ടത്. ആദ്യം സ്വന്തം ഉപയോഗത്തിനായി രണ്ടു ചട്ടികളില്‍ മാത്രമായിരുന്നു നട്ടത്. നാലു മാസം മുമ്പാണ് വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങിയത്. ജഗത് ഫാമില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ മഹാമാരിയുടെ കാലത്ത് കൊടും നഷ്ടം നേരിട്ടതോടെ അത് നികത്താന്‍ വേണ്ടിയാണ് കഞ്ചാവ് കൃഷിയിലേക്ക് ഇറങ്ങിയത്.





