
ദില്ലി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണം. നിര്‍മ്മാണ ജോലികള്‍ ഉള്‍പ്പെടെ പൊടി കൂടുതലായി ഉണ്ടാക്കുന്ന നിര്മ്മാണജോലികള്ക്കും ഗതാഗത സംവിധാനങ്ങള്‍ക്കുമെല്ലാം നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഇന്ന് രാവിലെ 8 മണി മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി, ഈ സീസണില്‍ ദില്ലിയില്‍ വായു ?ഗുണനിലവാര സൂചിക 400ന് മുകളിലെത്തിയ സാഹചര്യത്തില്‍ അനിവാര്യമല്ലാത്ത എല്ലാ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവുണ്ട്. പുറത്ത് പോകുന്നത് അത്യാവശ്യമാണെങ്കില്‍, എന്‍95 മാസ്ക് ധരിക്കണമെന്നു നിര്‍ദേശമുണ്ട്. കഴിയുന്നതും വീടിനുള്ളില്‍ തന്നെ കഴിയാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസും പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നാണ് നിര്‍ദേശം.
മലിനീകരണ ലഘൂകരണ നില ഏഞഅജ3 ആയി ഉയര്‍ത്താനാണ് തീരുമാനം. ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍ അടിയന്തര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തും. ബിഎസ് 3 ലെ പെട്രോള്‍ വാഹനങ്ങളും ബിഎസ് 4 വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും നാഷണല്‍ ക്യാപിറ്റല്‍ റീജിയന് (എന്‍സിആര്‍) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. പൊടി നിയന്ത്രിക്കാന്‍ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കല്‍ യന്ത്രങ്ങള്‍ വിന്യസിക്കാനും തീരുമാനമായി.
വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് കടുത്ത നടപടി. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിരോധനം ബാധകമല്ല.






