
മലയാള സിനിമയിലെ ശക്തമായ പേരാണ് ഇന്ന് സുപ്രിയ മേനോന്. മാധ്യമ പ്രവര്‍ത്തകയായിരുന്ന സുപ്രിയ പൃഥ്വിരാജിന്റെ ഭാര്യയാകുന്നതോടെയാണ് സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്രെ അമരത്ത് സുപ്രിയയുണ്ട്.
പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരിയായി തന്റെ വ്യക്തിത്വം അടയാളപ്പെടുത്താനും സുപ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. സുപ്രിയയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ചര്‍ച്ചയാകാറുണ്ട്. സുപ്രിയയുടെ അഭിമുഖങ്ങള്‍ക്കും ആരാധകരുണ്ട്. തന്റെ കാഴ്ചപ്പാടുകളില്‍ സുപ്രിയയ്ക്കുള്ള വ്യക്തത അവരുടെ അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാണ്.
ഇപ്പോഴിതാ സുപ്രിയ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ അച്ഛനെക്കുറിച്ചുള്ള സുപ്രിയയുടെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു സുപ്രിയയുടെ അച്ഛന് മരണപ്പെടുന്നത്. വികാരഭരിതമായ കുറിപ്പില്‍ തനിക്ക് അച്ഛനെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നാണ് സുപ്രിയ പറയുന്നത്. അച്ഛനെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും തങ്ങള്‍ക്കില്ലെന്നാണ് സുപ്രിയ പറയുന്നത്.
നിങ്ങള്‍ പോയ ദിവസത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷമായിരിക്കുന്നു ഡാഡി. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല. നിങ്ങളോട് സംസാരിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഫോണെടുത്ത് നിങ്ങളെ വിളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ നമ്പര്‍ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്കത് ഡിലീറ്റാക്കാന്‍ സാധിക്കുന്നില്ല. നിങ്ങളെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാണ് സുപ്രിയ പറയുന്നത്.
ഞാന്‍ എത്തിയോ, ഭക്ഷണം കഴിച്ചോ എന്നൊക്കെ ഉറപ്പു വരുത്തുന്നത് പോലെ, നിങ്ങളൂടേതായ രീതിയില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നത്. അന്ന് ഞാന്‍ വളര്‍ന്നുവെന്ന് പറഞ്ഞ് ഞാന്‍ ദേഷ്യപ്പെടുമായിരുന്നു. പക്ഷെ ഇന്ന് നിങ്ങളുടെ ആ ഒരു ഫോണ്‍ കോളിനായി ഞാന്‍ എന്തും നല്‍കും. ചിലപ്പോഴൊക്കെ നിങ്ങളുടെ മണവും, നിങ്ങളെ തൊടുന്നതും, നിങ്ങളുടെ പരുക്കന്‍ കൈകള്‍ എന്റെ കരം പിടിക്കുന്നതുമെല്ലാം ഞാന്‍ മറക്കുമോ എന്ന് ഞാന്‍ ഭയക്കാറുണ്ട്. നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന്റെ അടുത്തു പോലും ആര്‍ക്കും എത്താനാകില്ല. നിങ്ങളെ ഞാന്‍ എന്നും മിസ് ചെയ്യും ഡാഡി എന്നും സുപ്രിയ പറയുന്നു.
2021 ലാണ് സുപ്രിയയുടെ അച്ഛന് വിജയകുമാര്‍ മേനോന് അന്തരിച്ചത്. ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.






