
കൊച്ചി : തീരദേശ നിയമം ലംഘിച്ചതിനു സുപ്രീം കോടതി ഉത്തരവുപ്രകാരം പൊളിച്ചുനീക്കിയ ഭൂമിയില്‍ വീണ്ടും ഫ്ളാറ്റ് കെട്ടാനാവുമോ എന്നു പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷന് ഗൗരവ് അഗര്‍വാള്‍ അടുത്തമാസമെത്തും. നാലു ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലനിന്നിരുന്ന സ്ഥലങ്ങള്‍ കമ്മിഷന് പരിശോധിച്ചു സുപ്രീം കോടതിക്കു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. ഇവിടങ്ങളില്‍ വീണ്ടും ഫ്ളാറ്റ് നിര്‍മിക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുക. കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി അധികൃതരും പരിശോധനയില്‍ ഭാഗഭാക്കാകും.
മരട് നഗരസഭാ അധികൃതരുമായും സംഘം ചര്‍ച്ച നടത്തും. നിലവിലുള്ള തീരദേശ പരിപാലന നിയമപ്രകാരം അവിടെ ഫ്ളാറ്റ് നിര്‍മിക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. കാറ്റഗറി എ, ബി, സി, ഡി ക്ലാസിഫിക്കേഷനില്‍ ഏതിലാണു വരുന്നതെന്നും പരിശോധിക്കും. അഡ്വക്കേറ്റ് കമ്മിഷന് റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ അവിടെത്തന്നെ വീണ്ടും ഫ്ളാറ്റുകള്‍ ഉയരാന്‍ സാധ്യതയുമുണ്ട്. ഫ്ളാറ്റ് ഉടമകള്‍ക്കും അതില്‍ താല്‍പ്പര്യമുണ്ട്. 2019 ലെ തീരദേശ പരിപാലന പ്ലാന്‍ പ്രകാരം മരട് മുന്‍സിപ്പാലിറ്റി കാറ്റഗറി രണ്ടില്‍ പെടുന്ന മേഖലയാണെന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. കാറ്റഗറി രണ്ടില്‍ നിയന്ത്രണങ്ങളോടെ നിര്‍മാണം അനുവദിക്കാമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അഡ്വക്കേറ്റ് കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സുപ്രീം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
രണ്ടു ഫ്ളാറ്റ് നിര്‍മാതാക്കളുടെ ഭൂമി തിരികെ കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന് ഫ്ളാറ്റുകളുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കാനായിരുന്നു നിര്‍ദേശം. പൊളിക്കലുമായി ബന്ധപ്പെട്ടു കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ച സാഹചര്യത്തിലാണിത്. പുതിയ നിയമം അനുകൂലമെങ്കില്‍ ഇവിടെതന്നെ ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ കോടതി അനുവദിച്ചേക്കും.
നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാനും ജസ്റ്റീസ് അരുണ്‍ മിശ്ര ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്കിയ 62 കോടിയോളം രൂപ ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.
മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലംപരിശായിട്ടു അടുത്ത ജനുവരിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകും. 2020 ജനുവരി 11, 12 തീയതികളിലായിരുന്നു കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്.ടു.ഒ., കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്തുകടവ് ജെയിന് കോറല്‍ കോവ്, നെട്ടൂര്‍ ആല്‍ഫ സെറിന്‍ എന്നീ വന്‍കിട ഫ്ളാറ്റുകള്‍ പൊളിച്ചത്. ജസറ്റീസ് അരുണ്‍ മിശ്രയുടെ വിധിന്യായത്തിനെതിരേ അന്നു തന്നെ വിമര്‍ശനങ്ങളും വന്നിരുന്നു. തീരദേശ പരിപാലന നിയമലംഘനത്തിനു വന്‍തുക പിഴയീടാക്കി ഫ്ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നുവെന്നാണു കേസ് ഇപ്പോള്‍ പരിഗണിക്കുന്ന ബഞ്ചിനു നേതൃത്വം നല്കുന്ന ജഡ്ജി ബി.ആര്. ഗവായ് അടുത്തിടെ അഭിപ്രായപ്പെട്ടത്.
അതിനിടെ, ഫ്ളാറ്റ് ഉടമകളുടെയും നിര്‍മാതാക്കളുടെയും വേവലാതികളും ഫ്ളാറ്റ് അവശിഷ്ട നിര്‍മാര്‍ജനവും വലിയ ചര്‍ച്ചയായപ്പോഴും ഒരു തെറ്റും ചെയ്യാതെ ദുരിതം അനുഭവിക്കേണ്ടി വന്ന പരിസരവാസികളുടെ നഷ്ടപരിഹാര കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. നഷ്ടപരിഹാരത്തിനായി ഇവര്‍ നടത്തിയ സമരങ്ങള്‍ അധികൃതരുടെ കണ്ണുതുറപ്പിച്ചിട്ടില്ല. ഫ്ളാറ്റ് പൊളിക്കല്‍ കമ്പനികള്‍ നഗരസഭയില്‍ നല്കിയ മുന്‍കൂര്‍ പണത്തില്‍ നിന്നോ തനതു ഫണ്ടില്‍ നിന്നോ പരിസരവാസികള്‍ക്കു നഷ്ടപരിഹാരം അനുവദിക്കാന്‍ അനുമതി തേടി തദ്ദേശ സ്വയംഭരണ (ആര്.ബി.) പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നഗരസഭ കത്തു നല്‍കിയെങ്കിലും നടപടിയായില്ല.
സാങ്കേതിക കാരണങ്ങളില്‍ തട്ടി ഇന്‍ഷുറന്‍സും തുകയും കിട്ടിയില്ല. ഫ്ളാറ്റ് പൊളിക്കലിനൊപ്പം ഏറെ കോലാഹലം ഉയര്‍ത്തിയ ഫ്ളാറ്റ് അഴിമതി കേസ് അന്വേഷണവും അനക്കമറ്റ നിലയിലാണിപ്പോള്‍.






