
തിരുവനന്തപുരം: വി ജോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി . സംസ്ഥാന നേതൃത്വത്തിലെ പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്. മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതിന് ശേഷമാണ് ജില്ലയില്‍ ആകമാനം വലിയ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
വി ജോയ്യുടെ കടന്നുവരവോടെ മംഗലാപുരത്ത് വലിയ വിഭാഗീയതയാണ് ഉണ്ടായത്. ജില്ലാ സെക്രട്ടറിയുടെ വീടാണ് നിലവില്‍ ഏരിയകമ്മിറ്റി. ഏരിയ സെക്രട്ടറിയോട് ചര്‍ച്ച ചെയ്യാതെയാണ് പല തീരുമാനങ്ങളും ഉണ്ടാകുന്നത്. വന്ന കാലം മുതല്‍ എനിക്കെതിരെയാണ് വി ജോയ് നില്‍ക്കുന്നത്. എനിക്കെതിരെ ആളുകളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കും. രാവിലെ ഞാന്‍ അറിയുന്നുണ്ട് എന്ന മാറ്റുമെന്ന്. എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. ആറ് വര്‍ഷമായി ഏരിയ സെക്രട്ടറി സ്ഥാനത്തുണ്ട്. ആ കാലയളവിലെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകീയതയുണ്ടായിട്ടാണെങ്കില് അത് ചൂണ്ടിക്കാട്ടാം.
വി ജോയ് ജില്ലാ സെക്രട്ടറിയായി തുടരുന്ന കാലത്ത് ഏരിയ സെക്രട്ടറിയാകാന്‍ എനിക്ക് സാധിക്കില്ല. ആയാലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സിപിഐഎമ്മിനൊപ്പം ഇനി പ്രവര്‍ത്തിക്കുന്നതില്‍ പ്രയാസമുണ്ട്. പാര്‍ട്ടി വിട്ടാലും നിരവധി സഖാക്കള്‍ ഒപ്പമുണ്ടാകും', മധു മുല്ലശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. സംസ്ഥാന നേതൃത്വത്തിലെ പലരേയും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടിയെ തന്നെ പല തട്ടിലാക്കുകയാണ്. പല ഘട്ടത്തിലും പല നേതാക്കളോടും വിഷയം സൂചിപ്പിച്ചു. ആ സമയത്താണ് ഏരിയ സമ്മേളനങ്ങള്‍ നടക്കുന്നത്. ഏരിയ സമ്മേളനത്തിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പുതിയ ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുത്തു. എം ജലീലാണ് മംഗലപുരത്തെ പുതിയ ഏരിയ സെക്രട്ടറി.






