
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായ വിവാഹചിത്രങ്ങളായിരുന്നു അഭിനേത്രിയായ നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം ചടങ്ങ്. ചടങ്ങില്‍ നിറഞ്ഞു നിന്ന നസ്രിയയും ഫഹദും തന്നെയാണ് ഏറ്റവും തിളങ്ങിയത്. താരദമ്പതിമാര്‍ പങ്കിട്ട ചിത്രങ്ങളും മറ്റ് സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ സഹതാരങ്ങളായ സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, വിവേക് ഹർഷൻ എന്നിവരും ഉണ്ടായിരുന്നു.
ഇപ്പോഴിതാ അളിയന് വാച്ച് കെട്ടിക്കൊടുക്കുന്ന ഫഹദിന്റെ വീഡിയോയും നാത്തൂനായ ഫിസയ്ക്ക് മാല ഇട്ടുകൊടുക്കുന്ന നസ്രിയയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നാത്തൂന് ഡയമണ്ട് നെക്ലേസാണ് നസ്രിയ നല്‍കിയത്. അത് എടുത്ത് നാത്തൂന്റെ കഴുത്തിലണിയിക്കുന്നതും സന്തോഷത്തോടെ രണ്ടുപേരും ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഫഹദാണെങ്കിലും നവീന്റെ കൈയില്‍ വാച്ച് കെട്ടിക്കൊടുക്കുന്നതും ഹൃദയത്തില്‍ നിന്നുള്ള ചിരിയോടെയാണ്.
നസീമുദ്ദീനിന്റെയും ബീനയുടെയും മകനാണ് നവീൻ. നസ്രിയയും നവീനും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമാണുള്ളത്. ഒരേ ദിവസം തന്നെയാണ് ഇരുവരുടെയും ജന്മദിനം. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നസീം വെള്ളിത്തിരയിലെത്തിയത്.






