
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. താന്‍ ഒരു നിലപാട് പറഞ്ഞത് എല്ലാവരോടും കൂടിയാലോിച്ച ശേഷമാണ്. സംഘപരിവാറിന്റെ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരത്തേ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ളീംലീഗ് കോണ്‍ഗ്രസിനെ തള്ളി രംഗത്ത് വന്നിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ ഷാജി പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ഇ.ടി. മുഹമ്മദ് ബഷീറും രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുനമ്പം വഖഫ് ഭൂമിയാണെന്ന വാദം നടത്തിയിരുന്നു. പിന്നാലെ വി ഡി സതീശന് ഉയര്‍ത്തിയ വാദത്തെ തള്ളിയാണ് ഇ ടിയും കെ എം ഷാജിയും എം കെ മുനീറും അടക്കം നേതാക്കള്‍ രംഗത്ത് വന്നത്.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് വന്ന കെഎം ഷാജി, പാണക്കാട് തങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടതിന്റെ കാരണവും വിശദീകരിച്ചതോടെയാണ് ലീഗും കോണ്‍ഗ്രസും കൂടുതല്‍ പ്രതിരോധത്തിലായത്. ഇതുവരെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വാദം പരസ്യമായി ഉന്നയിക്കാതെയാണ് മുസ്ളീംലീഗും പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഇതുവരെ നടത്തിയത്.
എന്നാല്‍ സമുദായ സംഘടനകള്‍ ഉന്നയിച്ച വാദം കണക്കിലെടുത്ത് ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും രംഗത്ത് വന്നതോടെ പ്രശ്ന പരിഹാരത്തിന് മുന്‍കൈ എടുത്ത പാര്‍ട്ടി അധ്യക്ഷനും പികെ കുഞ്ഞാലിക്കുട്ടിയും പ്രതിസന്ധിയിലായി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തള്ളാതെയാണ് നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും സമവായ ചര്‍ച്ചകള്‍ നടത്തിയത്.
വിഷയത്തില്‍ ലീഗില്‍ ഭിന്നത ഇല്ലെന്ന് വരുത്താനാണ് ഇപ്പോഴത്തെ വിശദീകരണം. പ്രതിപക്ഷം ഇക്കാര്യത്തില്‍ മുന്നോട്ട് വെച്ച ഒത്തു തീര്‍പ്പ് സാധ്യതക്കും സമുദായ സൗഹൃദത്തിനും തുരങ്കം വെക്കുന്നതാണ് ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളുടെ നിലപാടെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. ലീഗിനുള്ളിലെ തര്‍ക്കങ്ങള്‍ ഫലത്തില്‍ ബിജെപി്ക്കും മറ്റു വര്‍ഗ്ഗീയശക്തികള്‍ക്കും തുണയാകുമെന്നും വിലയിരുത്തുന്നു.






