
തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായികയായ മിന്മിനി എ.ആർ. റഹ്മാന്റെ കന്നി സംഗീതസംരംഭമായ റോജ എന്ന തമിഴ് ചിത്രത്തിലെ ‘ചിന്ന ചിന്ന ആസൈ...’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് പ്രശസ്തിയിലേക്ക് എത്തിയത്. മലയാളിയാണെങ്കിലും മിന്മിനിയുടെ ഏറ്റവും മികച്ച പാട്ടുകള്‍ ശ്രോതാക്കള്‍ കേട്ടത് എ.ആർ. റഹ്മാനും ഇളയരാജയും സംഗീതം നൽകിയ തമിഴ് ഗാനങ്ങളിലൂടെയാണ്.
എന്നാല്‍ കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് മിന്മിനിയുടെ ശബ്ദം നഷ്ടപ്പെടാൻ ഇടയായ സംഭവം. അതിനെക്കുറിച്ച് ഗായിക ഇതിനു മുമ്പും സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഈ സംഭവത്തെപ്പറ്റി കൂടുതല്‍ വ്യക്തത വരുത്തുകയാണ് ഗായിക മിൻമിനി. ഇളയരാജയില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന ഒരു ശകാരത്തെ തുടർന്നുണ്ടായ ആഘാതമാണ് തനിക്ക് ഈ അവസ്ഥ നേരിടാൻ കാരണമെന്ന് മിൻമിനി പറയുന്നു.
‘‘രാജാ സാറിന്റെ വാക്ക് എന്നെ എത്രമാത്രം തളർത്തി എന്ന് അറിയണമെങ്കില്‍ എന്റെ വീടിന്റെ പഴയ അവസ്ഥ കൂടി അറിയണം. എനിക്ക് മൂന്ന് സഹോദരിമാരാണ്. അപ്പച്ചൻ ഒരു കമ്പനി ജീവനക്കാരനായിരുന്നു. ഞാൻ പത്താം ക്ളാസ് ആയപ്പോള്‍ അപ്പച്ചൻ റിട്ടയേർഡ് ആയി. ഞങ്ങളുടെ വീടിന്റെ വരുമാനം എന്ന് പറയുന്നത് എന്റെ പാട്ടായിരുന്നു. അങ്ങനെയാണ് കുടുംബം കഴിഞ്ഞുകൊണ്ടിരുന്നത്. വലിയ തുകയൊന്നും ആയിരുന്നില്ലെങ്കിലും എല്ലാ ദിവസവും ഗാനമേളകളുണ്ടായിരുന്നു. എന്നാലും 300 രൂപയില്‍ കൂടിയ പേയ്മെന്റ് എന്റെ നാട്ടില്‍ നിന്നും കിട്ടിയിട്ടില്ല. ആ അവസ്ഥയിലാണ് ചെന്നൈയിലേക്ക് പോകുന്നത്.രാജാസാറിന്റെ അടുത്ത് ചാൻസ് കിട്ടി. അന്നുമുതല്‍ എത്രനാള്‍ ഞാൻ രാജാ സാറിന് വേണ്ടി പാടിയോ അത്രയും നാള് 1500 രൂപയാണ് എനിക്ക് കിട്ടികൊണ്ടിരുന്നത്. ചേച്ചിയുടെ കല്യാണം കഴിഞ്ഞുണ്ടായ കുറച്ചു ബാധ്യതകള്‍ അങ്ങനെ തീർത്തു. ഒരു സ്റ്റുഡിയോയില്‍ മാത്രം പാടിയാല്‍ തീരുന്നതായിരുന്നില്ല എന്റെ ഉത്തരവാദിത്തങ്ങള്‍. ആ സമയത്ത് ദേവാ സാറിന്റെയും വിദ്യാസാഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒത്തിരി പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇതൊന്നും രാജാ സാർ അറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞത് ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ്.
ആ പാട്ട് ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം, രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് എ.വി.എം. ആർ.ആർ സ്റ്റുഡിയോയില്‍ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ഗായകൻ മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചുപോയി. പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടെയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാല്‍ മതി.
അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരയുകയാണ്. മൈക്കെല്ലാം ഓണാണ്. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരാള്‍ എഴുന്നേറ്റു വന്നു. കീ ബോർഡ് ചെയ്തിരുന്ന അന്തരിച്ച വിജി മാനുവല്‍ അങ്കിളായിരുന്നു അത്. കരയരുതെന്നും വെറുതെ പറഞ്ഞതായിരിക്കുമെന്നും പറഞ്ഞു. പക്ഷേ ഈ സംഭവം ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ല. ഉള്ളിലെവിടെയോ വിഷമമായി കിടന്നിരിക്കാം. ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല.
രാജാ സാറിനോട് വെറുപ്പോ വിദ്വേഷമോ ഒന്നുമില്ല. പക്ഷേ ഞാൻ എന്ന കുഞ്ഞുവ്യക്തി ഏത് അവസ്ഥയിലായിരുന്നെന്ന് സാറിന് അറിയില്ല. നീ പാടണ്ട എന്ന് പറയുമ്പോള്‍ ഇത്രയും ഭാരങ്ങളുള്ള ആള് എന്ത് ചെയ്യണം. എന്റെ അപ്പച്ചനെ പോലുള്ള ഒരാളാണ് രാജാ സാർ. അദ്ദേഹത്തിന്റെ അഭിപ്രായം അത്രമാത്രം എന്നെ സ്പർശിച്ചു. എന്റെ മനസില്‍ അത്രത്തോളം വിഷമമുണ്ടാക്കി എന്ന് ഞാൻ പോലും അറിയുന്നില്ല...’’ മിന്മിനി നിറഞ്ഞ കണ്ണുനീരോടെ പറയുന്നു.






