
മലയാള, തമിഴ് ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ആയ സാബുമോൻ അബ്ദുസമദ്. ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലെ വിജയി കൂടിയാണ്. തരികിട സാബു എന്നും അറിയപ്പെടുന്ന സാബുമോനെ പ്രേക്ഷകര്‍ കൂടുതലിഷ്ടപ്പെട്ടു തുടങ്ങിയത് ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ശേഷമാണ്.
റിയാലിറ്റി ഷോ ജഡ്ജായും ഒക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാബുമോന് ഒരു അഡ്വക്കേറ്റ് കൂടിയാണ്. കഴിഞ്ഞ ദിവസം പ്രയാഗമാർട്ടിൻ ആരോപണ വിധേയ ആയി കഴിഞ്ഞദിവസം പൊലീസിന് മുൻപിൽ ഹാജരായപ്പോള്‍ ഒപ്പം വന്ന അഡ്വക്കേറ്റ് സാബുമോനായിരുന്നു. പ്രയാഗയുടെ ലീഗൽ അഡ്വൈസർ ആയിട്ടാണ് സാബുമോന് എത്തിയത്. താരത്തിന്റെ അഭിമുഖങ്ങള്‍ക്കും നിലപാടുകള്‍ക്കും ആരാധകര്‍ ഏറെയാണിപ്പോള്‍.
ഇപ്പോഴിതാ ആറാട്ടണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാബു മോൻ. മാനസിക പ്രശ്നമുള്ളയാളാണ് സന്തോഷ് വർക്കിയെന്നും ഇത്തരം ആളുകള്‍ക്ക് മീഡിയകള്‍ പ്രാധാന്യം നല്‍കരുതെന്നും സാബു മോൻ അഭിപ്രായപ്പെട്ടു.
‘‘ആ ആരാധകരന്റെ പേര് ആറാട്ടണ്ണന് എന്നല്ലേ. അവന്റെ ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു. നടൻ നന്ദു ചേട്ടൻ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇവന് വന്ന് കൈ കൊടുത്തു. എന്നിട്ട് തിരികെ പോകുമ്പോള്‍ പുറത്ത് തട്ടി. ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോള്‍, ‘പുറത്ത് തട്ടിയ സ്പോട്ടില്‍ അവന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണ്ടേ’യെന്ന് ഞാൻ ചോദിച്ചു. അപ്പോള്‍ നന്ദു ചേട്ടന് എന്നോട്, ഞാനത് ചെയ്തിട്ട് വേണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ തെറി പറയാൻ, അത് വേറൊരു ലോകമാണെടാ, ഞാന്‍ എന്തു ചെയ്യാനാ’യെന്ന് പറഞ്ഞു. ആരാണവൻ? എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കില്‍ ചെപ്പ ഞാൻ അടിച്ച് തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്. അയാളുടെ മാനസിക നില ശരിയല്ല. മീഡിയ ഇങ്ങനെയൊരാള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ശരിയല്ല...’’ സാബുമോന് പറയുന്നു.
തിയറ്ററുകള്‍ക്ക് മുന്നില്‍ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചും സിനിമാ താരങ്ങളെക്കുറിച്ച് സംസാരിച്ചുമാണ് ആറാട്ടണ്ണൻ മീഡിയകളുടെ ശ്രദ്ധ നേടുന്നത്. ഒന്നിലേറെ തവണ വിവാദങ്ങളിലും സന്തോഷ് വർക്കി അകപ്പെട്ടിട്ടുണ്ട്. നിത്യ മേനോൻ സന്തോഷ് വർക്കിക്കെതിരെ ഉന്നയിച്ച ആരോപണം ഏറെ ചർച്ചയായി. പ്രണയാഭ്യർത്ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയെന്നും സഹികെട്ട താനും കുടുംബവും പൊലീസില്‍ പരാതിപ്പെടാൻ വരെ തുനിഞ്ഞിരുന്നെന്നും നിത്യ മേനോൻ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ശല്യപ്പെടുത്തിയതല്ലെന്നും തന്റെ ഇഷ്ടം പറഞ്ഞതാണെന്നുമായിരുന്നു സന്തോഷ് വർക്കിയുടെ വാദം.
അതിനെക്കുറിച്ചും സാബുമോന് തുറന്നടിക്കുന്നുണ്ട്. ‘‘മീഡിയ അവരെ സെലിബ്രിറ്റി എന്ന് വിളിക്കുന്നു. പുള്ളിക്ക് ഷേക്ക് ഹാൻഡ് കൊടുക്കണമെന്ന് നിർബന്ധമാണോ. നിത്യ മേനോനെന്ന നടിയെ നിരന്തരം ശല്യം ചെയ്തു. എന്റെ വീട്ടിലെ പെണ്കൊച്ചിനോടാണിങ്ങനെ ചെയ്തതെങ്കില്‍ അവനെ കൊന്നിട്ട് ഞാനിന്ന് ജയിലിലാണ്. ആ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തു. അവർ ഫോണ്‍ നമ്പർ മാറ്റുന്നു. നിങ്ങള്‍ ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് നിന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ. അവള് നിരസിച്ചതിന്റെ പേരില്‍ ഇവൻ ഒരു ദിവസം ആസിഡ് ഒഴിച്ചാല്‍ എന്ത് ചെയ്യും. ഒരു മനുഷ്യൻ ഭയന്ന് ജീവിക്കുന്ന അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ. ഓണ്‍ലൈൻ മീഡിയ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്...’’ സാബുമോന് പറയുന്നു. ഒരു ഓണ്‍ ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സാബുമോന് തുറന്നു സംസാരിച്ചത്.
കഴിഞ്ഞ ദിവസം നല്കിയ ഒരു അഭിമുഖത്തിലും നിത്യ മേനോനെക്കുറിച്ച് സന്തോഷ് വർക്കി സംസാരിച്ചിരുന്നു. നിത്യ മേനോൻ തന്നെക്കുറിച്ച് സംസാരിച്ചത് കേട്ട് അവരോട് തനിക്കുള്ള ഇഷ്ടം പോയെന്നാണ് അന്ന് സന്തോഷ് വർക്കി പറഞ്ഞത്.






