
ഹൈദരാബാദ്: അറസ്റ്റിനു വസതിയിലേക്കു പാഞ്ഞെത്തിയ പോലീസുകാര്‍ക്കെതിരേ ആഞ്ഞടിച്ച് നടന് അല്ലു അര്ജുന്. കിടപ്പുമുറിയില്‍വരെ കടന്ന പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ പോലും അനുവദിക്കാതെയാണ് അറസ്റ്റ് ചെയ്യു കൊണ്ടുപോയതെന്നു താരം കോടതിയില്‍ പറഞ്ഞു.
അറസ്റ്റ് തിങ്കളാഴ്ച വരെ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അര്ജുന് ഇൗ പരാമര്‍ശം നടത്തിയത്. കിടപ്പുമുറിയില്‍ പ്രവേശിച്ചത് തെറ്റാണെന്ന് അല്ലു അര്ജുന് പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ''സര്, എനിക്കു വസ്ത്രങ്ങള്‍ മാറണമെന്നും ഒരാളെ എന്നോടൊപ്പം അയച്ചോളൂ എന്നും ഞാന്‍ നിങ്ങളോട് പറഞ്ഞു. എന്നെ കൊണ്ടുപോകുന്നതില്‍ തെറ്റില്ല, പക്ഷേ കിടപ്പുമുറിയിലേക്കു വരുന്നത് വളരെ മോശമാണ്. അത് നല്ലതല്ല''-അല്ലു അര്ജുന് പറഞ്ഞു.
അറസ്റ്റിനു തൊട്ടുപിന്നാലെ പുറത്തുവന്ന വീഡിയോകളില്‍ താരം കാപ്പി കുടിക്കുന്നതും പിന്നീട് പോലീസുകാര്‍ അകമ്പടിയോടെ കൊണ്ടുപോകുന്നതും കാണാം. ഭാര്യ അല്ലു സ്നേഹ റെഡ്ഡി, സഹോദരന് അല്ലു സിരിഷ്, പിതാവ് അല്ലു അരവിന്ദ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അറസ്റ്റിനു പിന്നാലെ തരാത്തെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയനാക്കി.
അറസ്റ്റ് ചെയ്യുന്ന സമയം പിതാവും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ അല്ലു അരവിന്ദും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. നാല്‍പ്പത്തിയൊന്നുകാരനായ താരത്തെയും അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങളെയും സന്ധ്യ തിയേറ്ററിന്റെ മാനേജ്മെന്റിനെയും പ്രതിയാക്കിയാണ് ഹൈദരാബാദ് പോലീസ് നേരത്തെ കേസെടുത്ത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, സ്വമേധയാ പരുക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്. തിയറ്ററില്‍ സിനിമയുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള നടന്റെ പദ്ധതിയെക്കുറിച്ച് പോലീസിനെ മുന്‍കൂട്ടി അറിയിക്കാന്‍ നടനും തിയേറ്റര്‍ മാനേജ്മെന്റും തയാറായില്ലെന്നു മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, അര്‍ജുന്റെ ഓഫീസും തിയറ്റര്‍ അധികൃതരും പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് കോടതിയില്‍ വാദം വന്നു. താരത്തെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷം, അത്തരമൊരു കത്തിന്റെ പകര്‍പ്പും പുറത്തുവന്നു. അല്ലു അര്‍ജുനും നായിക രശ്മിക മന്ദാനയും രാത്രി 9.30-ന് തിയറ്റര്‍ സന്ദര്‍ശിക്കാനുള്ള പദ്ധതികളെക്കുറിച്ച് പോലീസിനോട് പറയുന്നതായാണ് അതില്‍. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇൗ മാസം 11-ന് അല്ലു അര്ജ്ജുന് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനേ്വഷണം ഇപ്പോള്‍ രണ്ട് ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്.
''പുഷാ 2: ദ് റൂള്‍'' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുന്ന തിയറ്ററില്‍ ഹാജരാകാന്‍ അര്ജുന് പോലീസ് അനുമതി കൊടുത്തിരുന്നോ ? തിയറ്ററിനു പുറത്തുള്ള ആരാധകരുമായി സംവദിക്കാന്‍ അദ്ദേഹത്തിന് അനുമതി ഉണ്ടായിരുന്നോ?
കേസ് പിന്‍വലിച്ച് യുവതിയുടെ ഭര്‍ത്താവ്
ഹൈദരാബാദ്: അല്ലു അര്‍ജുന്റെ അറസ്റ്റില്‍ നാടകീയ വഴിത്തിരിവ്. കേസ് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് അല്ലു സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭര്‍ത്താവ്.അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത കാര്യം അറിഞ്ഞില്ല. അല്ലു കാരണമല്ല തിക്കും തിരക്കും ഉണ്ടായത്. കേസ് പിന്‍വലിക്കാന്‍ ഞാന്‍ തയാറാണ്- മരിച്ച യുവതിയുടെ ഭര്‍ത്താവ് ഭാസ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപകടം ഇങ്ങനെ
''പുഷ്പ 2: ദ് റൂള്‍'' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ അപ്രതീക്ഷിതമായി എത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയറ്ററില്‍ തടിച്ചുകൂടി നിന്നവര്‍ തിക്കുംതിരക്കും കൂട്ടിയതാണ് ദുരന്തത്തിനു വഴിമാറിയത. മുപ്പത്തിയഞ്ചുകാരി കൊല്ലപ്പെടുകയും മകന് പരുക്കേല്‍ക്കുകയുമായിരുന്നു. തിയറ്റര്‍ മാനേജ്മെന്റോ അഭിനേതാക്കളുടെ സംഘമോ നടനും നായികയും തിയേറ്റര്‍ സന്ദര്‍ശിക്കുന്നതായി അറിയിച്ചില്ലെന്നാണ് ഹൈദരാബാദ് പോലീസ് കമ്മിഷണര്‍ സി.വി. ആനന്ദിന്റെ പ്രതികരണം.
കോടതിയില്‍ നടന്നത്
പുഷ്പ-2 ന്റെ പ്രിമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലു അര്‍ജുനു ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. അല്ലു അടക്കമുള്ള താരങ്ങളോട് തിയറ്റര്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ രേഖകള്‍ ഉടന്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, ബോധപൂര്‍വം ആരെയും ഉപദ്രവിക്കാന്‍ നടന് ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പോലീസാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. നടന്നതിനൊന്നും അല്ലു ഉത്തരവാദിയല്ല. ദുരന്തം നടക്കുമ്പോള്‍ താരം തിയറ്ററിനകത്തായിരുന്നു. അനേ്വഷണവുമായി സഹകരിക്കാന്‍ അല്ലു തയാറാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ജാമ്യമനുവദിച്ചത്. ജാമ്യഹര്‍ജി തള്ളിയാല്‍ ചെഞ്ചല്ഗുഡയിലെ ജയിലിലേക്ക് അല്ലു അര്‍ജുനെ മാറ്റാനായി പോലീസ് തയാറെടുപ്പുകള്‍ നടത്തിയിരുന്നു.






