
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ നില അതീവ ഗുരുതരം. ചികിത്സയില്‍ തുടരുന്നതിനിടെ ഒമ്പതു വയസ്സുകാരന് ശ്രീതേഷിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കുട്ടി വെന്റിലേറ്ററിന്റെ പിന്തുണയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്ജുന് തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തതോടെ തിരക്കിനിടയില്‍ രേവതിയും മകന് ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുക ആയിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു.
മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന് ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. രേവതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അല്ലു രംഗത്തെത്തി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുനെ കഴിഞ്ഞ ദിവസം പോലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് തന്നെ താരം ജയില്‍മോചിതനാകുകയും ചെയ്തു.
അല്ലുഅര്ജുന് പുറമേ സന്ധ്യ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുന്നറിയിപ്പില്ലാതെ അല്ലു അര്ജുന് തിയറ്ററില്‍ എത്തിയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഹൈദരാബാദ് പൊലീസ് ചൂണ്ടിക്കാട്ടിയത്. തിയറ്റര്‍ അധികൃതര്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും പൊലീസ് ആരോപിച്ചിരുന്നു.
ഹൈദരാബാദിലെ കിംസ് കഡിൽസ് ഹോസ്പിറ്റൽ ചൊവ്വാഴ്ച പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം, എട്ട് വയസുകാരൻ ശ്രീ തേജ് ന്യൂറോളജിക്കൽ അവസ്ഥയിൽ ഒരു പുരോഗതിയും കാണിക്കാത്തതിനാൽ തീവ്രപരിചരണത്തിലാണ്.






