
സ്വന്തമായി ഒരു വീട് എന്നത് എല്ലാ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിനായി സുഖസൌകര്യങ്ങള്‍ കുറച്ചും ലോണുകളെടുത്തും പണം സ്വരൂക്കൂട്ടാന്‍ ശ്രമങ്ങള്‍ നടത്തുന്നു. ഏറെ ത്യാഗങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം ഒരു വീട് പണി പൂര്‍ത്തിയായി വരുമ്പോള്‍. അതല്ലെങ്കില്‍ വിലയ്ക്ക് വാങ്ങിക്കഴിഞ്ഞ് അവിടെ താമസിക്കാന്‍ പറ്റിയില്ലെങ്കിലോ? അതെ അത്തരമൊരു അനുഭവത്തിലൂടെയാണ് യുകെയിലെ ദമ്പതികളായ വാള്‍ട്ടര്‍ ബ്രൗണിന്റെയും ഭാര്യ ഷാരോണ്‍ കെല്ലിയുടെയും ജീവിതം കടന്ന് പോകുന്നത്.
അടുത്ത കാലത്താണ് വാള്‍ട്ടറും ഷാരോണു കൂടി യുകെയിലെ കോളര്ട്ടണില് നാല് കിടപ്പുമുറികളുള്ള ഒരു വീട് വാങ്ങിയത്. 3,58,000 പൗണ്ടിന്, ഏകദേശം 3.84 കോടി രൂപയ്ക്കായിരുന്നു ഇരുവരും തങ്ങളുടെ വീട് വാങ്ങിയത്. എന്നാല്‍, പെട്ടെന്ന് തന്നെ പുതിയ വീട്ടില്‍ താമസിക്കാനുള്ള ഇരുവരുടെയും ആഗ്രഹത്തിന് മങ്ങലേറ്റു. അതിന് കാരണമായത് കിടപ്പുമുറിയില്‍ നിന്നുള്ള ഒരു കാഴ്ചയായിരുന്നു. മനോഹരമായ വീടിന്റെ സമീപത്ത് മനോഹരമായ ഭൂപ്രകൃതിക്കായി ജനല്‍ തുറന്ന ഇരുവരും കണ്ടത് പ്രദേശത്തെ മാലിന്യ കൂമ്പാരം. അതും ഏക്കറ് കണക്കിന്. ഇരുവരും അധികൃതരോട് വീടിന് സമീപത്തെ മാലിന്യ കൂമ്പാരം മാറ്റാന്‍ ആവശ്യപ്പെട്ട് പരാതികള്‍ നല്‍കിയെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല.
ജനാലകള്‍ അടച്ചാലും മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള അസഹ്യമായ ദൂര്‍ഗന്ധം വീട്ടില്‍ ഇരിക്കാന്‍ പോലും അവരെ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാള്‍ട്ടര്‍ ഇതിനിടെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ മാലിന്യകൂമ്പാരം നീക്കാന്‍ ആവശ്യപ്പെട്ടു. നീക്കാമെന്ന് അവര്‍ സമ്മതിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, പ്രദേശത്തെ റോഡുകളെല്ലാം മോശമായിരുന്നു. ഇത്രയും വലിയ തുകയ്ക്ക് ചാടിക്കയറി വീട് വാങ്ങേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ ദമ്പതിമാര്‍ പറയുന്നതും. വീട് വാങ്ങുന്നത് പോലെ തന്നെ വീടിന്റെ ചുറ്റുപാടുകളെ കുറിച്ച് അന്വേഷിക്കുന്നതു പ്രധാനമാണെന്നും ഇരുവരും കൂട്ടിചേര്‍ക്കുന്നു.






