
തിരുവനന്തപുരം : എന്‍സിപി പിളർപ്പിലേക്കെന്ന സൂചനക്കിടെ തൃശൂരിൽ എ.കെ ശശീന്ദ്രന് വിളിച്ച സമാന്തര യോഗം മാറ്റി വെച്ചു. യോഗം ചേർന്നാല്‍ ശശീന്ദ്രനെതിരെ പി.സി ചാക്കോ നടപടിയെടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പെട്ടെന്നുള്ള പിൻവാങ്ങൽ.
രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന മന്ത്രിമാറ്റം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വഷളാക്കിയത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ആണെന്നാണ് എ.കെ. ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും വിമര്‍ശനം. പകരം മന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ശശീന്ദ്രന് രാജി വെക്കണമെന്ന നിലപാട് ചാക്കോയുടെ വ്യക്തിപരമായ താല്പര്യമാണെന്നും വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികള്‍ക്ക് എതിരെ നീങ്ങാന്‍ ശശീന്ദ്രന് പക്ഷം ആലോചിക്കുന്നത്.
ഇന്ന് തൃശൂരില്‍ യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ തയാറാക്കാന്‍ ധാരണയായിരുന്നു. സമാന്തര യോഗം നടക്കുന്ന വിവരം മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ ശശീന്ദ്രന് പക്ഷം യോഗം മാറ്റി വെച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് യോഗം മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം. 23ന് യോഗം ചേരുന്നതാണ് പരിഗണനയിലുള്ളത്.
മുഖ്യമന്ത്രിയെ കണ്ട് മന്ത്രി സ്ഥാനത്തിനുള്ള തടസം നീക്കാനാണ് തോമസ് കെ തോമസിന്റെ ശ്രമം. തോമസിന് മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പിസി ചാക്കോയുടെ നിലപാട്. തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ട് തീരുമാനം അറിഞ്ഞശേഷം നിലപാട് സ്വീകരിക്കാനാണ് ധാരണ.






