
തിരുവനന്തപുരം: ജനുവരിയില്‍ പോലീസ് ഉന്നതതലത്തില്‍ അഴിച്ചുപണി വരാനിരിക്കെ, ആരാകും പുതിയ സംസ്ഥാന പോലീസ് മേധാവിയെന്ന ചര്‍ച്ചയ്ക്ക് പുതിയ തലം നല്കി എ.ഡി.ജി.പി: രവഡാ ചന്ദ്രശേഖര്‍ കേരളാ കേഡറിലേക്കു മടങ്ങിയെത്തുമെന്നു സൂചന.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്റെ സേവനം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനായി മറ്റൊരു പുതിയ ലാവണത്തിലേക്ക് മാറ്റുന്ന കാര്യം സജീവ പരിഗണയിലാണ്. എന്നാല്‍, സുപ്രീം കോടതി വിധി കണക്കിലെടുത്താണ് ദര്‍വേഷിന് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കിയത്. അതില്‍ കൈവച്ചാല്‍ കോടതിയലക്ഷ്യ നടപടി ക്ഷണിച്ചു വരുത്തുമെന്ന ആശങ്കയുമുണ്ട്.
എ.ഡി.ജി.പി: എം.ആര്. അജിത് കുമാറിനെ താക്കോല്‍ സ്ഥാനത്തേക്ക് നിയമിച്ചേക്കും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐ.ബിയിലുള്ള രവഡാ മടങ്ങിയെത്തുകയാണെങ്കില്‍ സീനിയോറിട്ടി അനുസരിച്ച് അദ്ദേഹവും പോലീസ് മേധാവിയാകാനുള്ള പട്ടികയില്‍ ഇടം തേടും. ഡി.ജി.പി: നിഥിന് അഗര്‍വാള്‍ കഴിഞ്ഞാല്‍ സീനിയോറിട്ടിയില്‍ രവഡാ ചന്ദ്രശേഖര്‍ രണ്ടാമനാകും. അതു കഴിഞ്ഞ് യോഗേഷ് ഗുപ്തയും. ഇതോടെ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, രവഡാ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ പോലീസ് മേധാവിയാകാനുള്ള സാധ്യത കൂടും. റോഡ് സുരക്ഷാ കമ്മിഷണര്‍ ഡി.ജി.പി: നിഥിന് അഗര്‍വാളിനെയും എഴുതിത്തള്ളാനാവില്ല.
ഷേയ്ക്ക് ദര്‍വേഷ് സാഹേബ് ജൂണില്‍ വിരമിക്കുമ്പോള്‍ പകരംവരേണ്ട ആളെ കണ്ടെത്താന്‍ സംസ്ഥാനം നല്കുന്ന പട്ടിക ഇക്കുറി നീണ്ടതാകും. കുറഞ്ഞത് 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് 25 വര്‍ഷമാക്കി ഭേദഗതിചെയ്തിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവര്‍ ഉള്‍പ്പെടെ 16 ഉദ്യോഗസ്ഥരാണ് പോലീസില്‍ 25 വര്‍ഷത്തെ സേവനം പൂര്ത്തിയാക്കുന്നവരുള്ളത്. ഡി.ജി.പി., എ.ഡി.ജി.പി. തസ്തികയിലുള്ള ഒന്‍പത് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്.
കഴിഞ്ഞ തവണ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഡി.ജി.പി. യോഗേഷ് ഗുപ്തയും കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നതിനാല് ഉള്‍പ്പെടാതിരുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ നിഥിന് അഗര്‍വാളും ഇത്തവണ പട്ടികയില്‍ ഉണ്ടാകും. ഇതിനൊപ്പം രവഡാ ചന്ദ്രശേഖറും എത്തുമ്പോള്‍ സീനിയോറിട്ടിയിലെ ആനുകൂല്യം ഇവര്‍ക്കായി മാറും. സാധാരണ നിലയില്‍ സീനിയോറിട്ടി നോക്കിയാണ് യു.പി.എസ്.സി ശിപാര്‍ശ വരാറുള്ളത്. അങ്ങനെ വന്നാല്‍ യോഗേഷ് ഗുപ്തയേയോ രവഡാ ചന്ദ്രശേഖറിനേയോ സര്‍ക്കാര്‍ പോലീസ് മേധാവിയാക്കും.
സംസ്ഥാനം നല്കുന്ന പട്ടികയില്‍ മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് എം.ആര്. അജിത്കുമാര്‍, എസ്. ശ്രീജിത്ത്, ബല്‍റാംകുമാര്‍ ഉപാധ്യായ, മഹിപാല്‍ യാദവ്, എച്ച്. വെങ്കിടേഷ്, പി. വിജയന് എന്നിവരും ഉള്‍പ്പെട്ടേക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള വിജയ് സാഖറെ, അശോക് യാദവ്, ദിനേന്ദ്ര കാശ്യപ്, ടി. വിക്രം, ഗോപേഷ് അഗര്‍വാള്‍ എന്നിവരില്‍ ആരെങ്കിലും സംസ്ഥാനത്തേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവരുടെ പേരും ഉള്‍പ്പെടുത്തിയാകും പട്ടിക കേരളം നല്‍കുക.






