
തിരുവനന്തപുരം : എന്‍.ഡി.എയില്‍നിന്നു ബി.ഡി.ജെ.എസ്. കളം മാറുന്നതു തടയാന്‍ ബി.ജെ.പി. ദേശീയ നേതൃത്വം രംഗത്ത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലെത്തുന്നത് കാണാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞതാണ് എന്‍.ഡി.എ. ക്യാമ്പില്‍ ആശങ്കയ്ക്കു കാരണമായത്. വെള്ളാപ്പള്ളിയുമായും ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ബി.ജെ.പി. ദേശീയ നേതൃത്വം ആശയ വിനിമയം നടത്തും.
ബി.ഡി.ജെ.എസ്. കോണ്‍ഗ്രസുമായി അടുക്കുന്നതിന്റെ ചില സൂചനകളും പുറത്തു വന്നിരുന്നു. ഇൗ സാഹചര്യത്തില്‍ ബി.ഡി.ജെ.എസിന്റെ അതൃപ്തി മാറ്റാന്‍ അടിയന്തര ഇടപെടലുകള്‍ക്കു ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതാക്കള്‍ നിര്‍ദേശം നല്കി. കേരളത്തില്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിന് ഇൗഴവ വോട്ട് ബാങ്ക് അനിവാര്യമാണെന്നാണു ദേശീയ നേതൃത്വം വിലയിരുത്തുന്നത്.
മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണു ബി.ഡി.ജെ.എസിലെ മിക്ക നേതാക്കളും. എന്‍.ഡി.എയില്‍ പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുപോലും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. തുഷാര്‍ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേര്‍ന്നിരുന്നു. വെള്ളാപ്പള്ളിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതിലാണു മുന്നണിമാറ്റം സംബന്ധിച്ച് ആവശ്യമുയര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകൂടാന്‍ മുഖ്യകാരണം എസ്.എന്‍.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണു വെള്ളാപ്പള്ളി നടേശന്റെ നിലപാട്.
എന്‍.ഡി.എ. എന്നതു സങ്കല്പം മാത്രമായെന്നും നേതൃയോഗം പോലും നടക്കുന്നില്ലെന്നും ബി.ഡി.ജെ.എസിനു പരാതിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇൗഴവ വോട്ടുകള്‍ക്കു മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി ഇൗ നീക്കത്തിന് എതിരാണെന്നാണു സൂചന. തുഷാര്‍ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധം ശക്തമാണ്. അതിനിടെ തുഷാറിനെ രാജ്യസഭാ എംപിയാക്കി കേന്ദ്രമന്ത്രിയാക്കണമെന്ന് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.






