
പത്മാവതിയുടെ ഷൂട്ടിങ് സെറ്റില്‍ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയേയും അണിയറപ്രവര്‍ത്തകരെയും രജ്പുത് കര്‍ണി സേന ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നടന് സുശാന്ത് സിങ് രജ്പുത് രംഗത്ത്. ഇനി മുതല്‍ താരം സുശാന്ത് സിങ് എന്നു മാത്രമായിരിക്കും ഉപയോഗിക്കുക. പേരിനൊപ്പം ഉണ്ടായിരുന്ന രജ്പുത് എടുത്തു കളയുകയായിരുന്നു. ട്വിറ്ററിലൂടെ സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഇത് ഹൃദയഭേദകമാണ്. നമ്മള് എന്തായാണ് മാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കുടുംബ, ജാതിപ്പേരുകള്‍ അപ്രസക്തമാവുമെന്ന് ഓര്‍ക്കാതെ ആളുകള്‍ ചരിത്രം തിരഞ്ഞു കൊണ്ടിരിക്കുകയാണ്. കുടുംബ, ജാതിപ്പേരുകളോടുള്ള മമത ദുരിതമേ സമ്മാനിക്കൂ. അത്രയും ധൈര്യശാലിയാണെങ്കില്‍ ആദ്യ പേരു കൊണ്ട് അറിയപ്പെടാന്‍ ശ്രമിക്കുവെന്ന് സുശാന്ത് ട്വീറ്റ് ചെയ്തു.
അക്രമണത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ചിത്രത്തില്‍ പത്മാവതിയും അലാവുദ്ധീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 1303ല്‍ ചിത്തോറിലെ രാജ്ഞിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, റണ്വീര് സിങ് എന്നിവരാണ് താരങ്ങള്‍.







Comments