ഖുശ്ബു ശര്‍മ്മ, വെറും 28 വയസാണ് ഈ യുവതിക്ക് പ്രായം. എന്നാല്‍ ഇതിനോടകം 250 കേസുകളില്‍ പ്രതിയാണ് ഖുശ്ബു. ഏറ്റവും ഒടുവില്‍ സുപ്രീം കോടതി അഭിഭാഷകയെന്ന വ്യാജേന ബംഗളുരു സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസിലാണ് ഖുശ്ബു അറസ്റ്റിലായത്. ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി, രാജസ്ഥാന്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവടങ്ങളിലെല്ലാം പണം തട്ടിയതിന് ഖുശ്ബുവിന്റെ പേരില്‍ കേസുകളുണ്ട്.
എട്ടാം ക്ലാസ് മാത്രമാണ് ഖുശ്ബുവിന്റെ വിദ്യാഭ്യാസ യോഗ്യത. ഒരു ട്രെയിന്‍ അപകടത്തില്‍ വലത് കൈ നഷ്ടപ്പെട്ടു. പിന്നീട് വീട് വിട്ട ഖുശ്ബു തട്ടിപ്പ് ഒരു ശീലമാക്കുകയായിരുന്നു. ഇതിനിടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഖുശ്ബു സംഘടിപ്പിച്ചിരുന്നു. ഐ.എ.എസ് ഓഫീസര്‍ എന്ന വ്യാജേന സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ഇവര്‍ നിരവധി പേരെ സമീപിച്ചിരുന്നു. രാഷ്ട്രീയക്കാരെയും സെലിബ്രിറ്റികളെയും അക്കാദമിക് വിദഗ്ധരെയുമാണ് ഖുശ്ബു വലയിലാക്കിയിരുന്നത്.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുന്ന പ്രമുഖരെ പിന്നീട് നേരിട്ട് കാണാന്‍ വഴിയൊരുക്കും. ഇപ്രകാരം സൗഹൃദം സ്ഥാപിച്ച ശേഷം ഇവരില്‍ നിന്ന് പണം തട്ടിയെടക്കുകയാണ് ചെയ്തിരുന്നത്. ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലരില്‍ നിന്നും പണം തട്ടിയിരുന്നത്. 2015ല്‍ ഡല്‍ഹിയില്‍ നിന്ന് ഒരു കാറ് തട്ടിയെടുത്ത കേസിലും ഖുശ്ബു പ്രതിയാണ്.
ലിഫ്്റ്റ് ചോദിച്ച് കയറിയ കാറാണ് ഖുശ്ബു തട്ടിയെടുത്തത്. ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ ഖുശ്ബു ഡ്രൈവറുമായി സൗഹൃദത്തിലായി. തുടര്‍ന്ന് ഇയാളെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു. ഒരു മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ വാഹനം നിര്‍ത്തി ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഡ്രൈവര്‍ പോയ സമയത്ത് ഖുശ്ബു കാറുമായി മുങ്ങുകയായിരുന്നു.
കാറ് തട്ടിയെടുത്ത സംഭവത്തില്‍ മാളവിയ നഗര്‍ പോലീസ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നു മുങ്ങി. ഒടുവില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍ണാടകയിലെ പുലികേശി നഗര്‍ പോലീസാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. ഖുശ്ബു അറസ്റ്റിലായ വിവരം അറിഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.






