
കോട്ടയം: കേരള വനം നിയമഭേദഗതി പിന്‍വലിക്കാതെ ഇടതുമുന്നണിയില്‍ തുടരാന്‍ കഴിയുമോ എന്ന ആശങ്കയുമായി കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നിയമം പിന്‍വലിക്കുമെന്നാണു പ്രതീക്ഷ. പിന്‍വലിച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്ന ആശങ്കയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
കേരളാ കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ട് ബാങ്കായ കത്തോലിക്കാ സഭ വനം നിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്. ഇൗ സാഹചര്യത്തില്‍ സഭയ്ക്കൊപ്പം നില്ക്കാന് പാര്‍ട്ടി അണികള്‍ തയാറാകും. പാര്‍ട്ടിനേതൃത്വത്തിനും സഭയെടുക്കുന്ന തീരുമാനത്തിനൊപ്പം നില്ക്കേണ്ടിവരും. ഇൗ സാഹചര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടു പാര്‍ട്ടി നേതൃത്വം ബോധ്യപ്പെടുത്തിയിരുന്നു.
ഇടതു നേതൃത്വം പല കാര്യങ്ങളിലും അവഗണിക്കുകയാണെന്നു പാര്‍ട്ടിയിലെ ഇടത്തരം നേതാക്കള്‍ക്കും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും ആക്ഷേപമുണ്ട്. തദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ ലഭിച്ച സീറ്റുകള്‍ ഇടതുമുന്നണി നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് അവസരം ഇല്ലാതാകുന്നെന്നാണ് ഇവരുടെ ആക്ഷേപം. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നണിവിടണമെന്ന ആവശ്യം അണികള്‍ ഉയര്‍ത്തുമ്പോഴും നേതൃത്വത്തിനു ശക്തമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല.
യു.ഡി.എഫ്. വാതില്‍ തുറന്നിട്ടും ഒപ്പമുള്ള ചിലരുടെ എതിര്‍പ്പാണ് ജോസ് കെ. മാണിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു മുതല്‍ മുന്നണിവിടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നു തോമസ് ചാഴികാടന് ഏറ്റ അപമാനവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്തപരാജയവും ഇതിന് ആക്കംകൂട്ടി. യു.ഡി.എഫ്. വിട്ടതല്ലെന്നും അവര്‍ പുറത്താക്കിയതാണെന്നുമുള്ള വാദം ഉയര്‍ത്തിയായിരുന്നു വിമര്‍ശനങ്ങളെ പാര്‍ട്ടി നേതൃത്വം തടഞ്ഞത്. എന്നാല്‍, യു.ഡി.എഫ്.മനസോടെയാണ് തങ്ങള്‍ തുടരുന്നതെന്നാണ് അണികള്‍ പറയുന്നത്. അതേസമയം, മുന്നണി വിടാനേ പാടില്ലെന്ന നിലപാടാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. സഭയും എന്‍.എസ്.എസും ഉള്‍പ്പെടെ ഇടതുമുന്നണിയുമായി അകലുന്നതും കേരളാ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
മാത്രമല്ല, സഭയുടെ പരിപാടികളില്‍ യു.ഡി.എഫ്. നേതാക്കളെ നിരന്തരം ക്ഷണിക്കുന്നുണ്ട്. വനം നിയമ ഭേദഗതി വിഷയത്തില്‍ സഭാനേതൃത്വം ജോസ് കെ. മാണിയെയും മന്ത്രി റോഷി അഗസ്റ്റിനെയും നേരിട്ടായിരുന്നു എതിര്‍പ്പറിയിച്ചത്. മന്നം ജയന്തി സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ഉദ്ഘാടകനാകുമ്പോള്‍ അനുസ്മരണ പ്രഭാഷകന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എം.പിയാണ്. ഇതും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.






