
കൊച്ചി; കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം എല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും. ഇയാളുടെ വിശദമായ മൊഴി മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. നിലവില്‍ ജാമ്യംലഭിക്കുന്ന കുറ്റങ്ങളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. സംഘാടകന്‍ എന്ന നിലയില്‍ മൃദംഗ വിഷന്‍ വേണ്ടി അനുമതികള്‍ക്കായി വിവിധ ഏജന്‍സികളെ സമീപിച്ചത് കൃഷ്ണകുമാര്‍ ആയിരുന്നു. ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരില്‍ പരിപാടി നടത്തിയത്.
അപകടത്തിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടി മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹര്‍ജിയില്‍ മൃദഗവിഷന്‍ വ്യക്തമാക്കി. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കല്ലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന്‍ ജിസിഡിഎ നല്കിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. സ്റ്റേജ് ഉള്‍പ്പെടെയുള്ള അധികനിര്‍മാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയില്‍ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്.






