
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ തവനൂര്‍ സബ് ജയിലില്‍. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാനയാക്രമണത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പിവി. അന്‍വര്‍ എംഎല്‍എയ്ക്കും കണ്ടാലറിയാവുന്ന 11 പേര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയെല്ലാമായിരുന്നു ചുമത്തിയിരുന്ന കുറ്റം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയതിന് പിന്നാലെ ഡിഎംകെ പ്രവര്‍ത്തകരും വീടിന് മുന്നില്‍ തടിച്ചുകൂടി.
കഴിഞ്ഞദിവസം രാത്രി കരുളായി വനത്തില്‍ ആദിവാസി യുവാവിനെ കാട്ടാന അടിച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധത്തിലാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം സൂക്ഷിച്ചിരുന്ന ജില്ലാ ആശുപത്രിയില്‍ എത്തിയും പ്രതിഷേധം നടത്തിയിരുന്നു.
അറസ്റ്റിന് പിന്നാലെ പിണറായി സര്‍ക്കാര്‍ തന്നെ ഭീകരനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ഇത്രയും മുസ്ലിം വിരുദ്ധത കാണിക്കുന്ന ഒരു സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മലബാറിലെ മുസ്ലിങ്ങളോട് പിണറായി സര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളത്. മുസ്ലിം വിഭാഗത്തെ വര്‍ഗീയവാദികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പിണറായി വിജയന് നടത്തുന്ന മുസ്ലിം വിരുദ്ധതയുടെ അവസാന തെളിവാണ് തന്റെ അറസ്റ്റെന്നും പി വി അന്‍വര്‍ പറഞ്ഞു.






