
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷത്തിലേറെ സമയമുള്ളപ്പോഴും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല നടത്തുന്ന നീക്കങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ മറികടന്ന് നേതൃത്വത്തിലേക്കു വരാനുള്ള ചെന്നിത്തലയുടെ നീക്കം ചെറുക്കാനാണു കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ തീരുമാനം. യു.ഡി.എഫ്. കണ്‍വീനര്‍ കൂടിയായ എം.എം. ഹസനും കെ. മുരളീധരനും നടത്തിയ പ്രതികരണങ്ങള്‍ അതിന്റെ ഭാഗമായാണ്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ചോദ്യംചെയ്ത് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറും രംഗത്തുവന്നു. ചെന്നിത്തലയെ പുകഴ്ത്തി ലീഗ് സംസ്ഥാനാധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതും അസാധാരണനീക്കമായിരുന്നു. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ചെന്നിതല നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചായിരുന്നു തങ്ങളുടെ പോസ്റ്റ്.
ലീഗിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ, താന്‍ എന്‍.എസ്.എസിന്റെ മാത്രം നോമിനിയില്ലെന്ന പ്രതീതിയുയര്ത്തുകയാണു ചെന്നിത്തലയുടെ ലക്ഷ്യം. എസ്.എന്‍.ഡി.പിയുടെയും പിന്തുണയ്ക്കു പുറമേ, കേരളാ കോണ്‍ഗ്രസി(എം)നെ യു.ഡി.എഫില്‍ തിരിച്ചെത്തിക്കാനുള്ള സാധ്യതയും ചെന്നിത്തല ആരായുന്നതായാണു സൂചന. ലീഗിന്റെ പിന്തുണയോടെയാണ് ഇൗ നീക്കം. കൂടുതല്‍ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി യു.ഡി.എഫില്‍ മേല്‍ക്കൈ നേടാനുള്ള ചര്‍ച്ചകളും കോഴിക്കോട് യാത്രയ്ക്കിടെ ചെന്നിത്തല തുടങ്ങിവച്ചു.
ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാവില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസ്താവനയെപ്പറ്റി കെ. മുരളീധരന്റെ പ്രതികരണം. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നതു നല്ല കാര്യമാണ്. മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചയ്ക്കുള്ള സമയമല്ല ഇത്.
കോണ്‍ഗ്രസ് നിയമസഭാകക്ഷിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളതെന്നും മുരളീധരന് പറഞ്ഞു. പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നായിരുന്നു ഹസന്റെ പരിഹാസം. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു ചെന്നിത്തലയും പ്രതിരോധിച്ചു.






