
ഓരോ ദിവസവും വ്യത്യസ് ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷയോ, തങ്ങളുടെ വീഡിയോ ഉണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങളോ ഒന്നും നോക്കാതെ ചിലര്‍ ഇത്തരത്തില്‍ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. അതുപോലെ, ചൈനയില്‍ നിന്നുള്ള ഒരു യുവാവ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
ക്ലീനിംഗ് ട്യൂട്ടോറിയലുകളാണ് യുവാവ് ചെയ്യുന്നത്. എന്നാല്‍, നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് യുവാവ് വൃത്തിയാക്കുന്നത്. അതോടെ, ഇയാളുടെ വീഡിയോ ആളുകളെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്ന വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഗ്വാങ്ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ളയാളാണ് ഹുവ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഇയാള്‍. താന്‍ ഒരു ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകനാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
ചൈനയില്‍ നിന്നുള്ള ഒരു വീഡിയോ പ്ലാറ്റ്ഫോമില്‍ ഇയാള്‍ക്ക് 350,000 -ത്തിലധികം ഫോളോവേഴ്സാണുള്ളത്. അതിലാണ് പ്രസ്തുത വീഡിയോകള്‍ ഇയാള്‍ ഷെയര്‍ ചെയ്യുന്നതും. ഹൈഡ്രജന്‍ പെറോക്സൈഡ് അടക്കം വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ രക്തക്കറ നീക്കം ചെയ്യാം തുടങ്ങിയ വീഡിയോകളാണ് ഇയാള്‍ പങ്കുവയ്ക്കുന്നത്. അതാണ് ആളുകളെ ആശങ്കയിലാക്കുന്നത്. അത് കൂടാതെ, കോഴിയുടെ എല്ലുകള്‍ അലിയിക്കുന്നതടക്കമുള്ള വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഇത്തരം വീഡിയോകള്‍ പതിവായി പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ ഇത് ആളുകളെ വലിയ ആശങ്കകളിലേക്ക് നയിക്കുകയായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൃത്യമായ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഇയാള്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് എന്നത് തന്നെയാണ് ഇയാള്‍ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഇത്തരം വീഡിയോകള്‍ ആളുകളില്‍ കുറ്റകൃത്യം ചെയ്യാനുള്ള വാസനയുണര്ത്തുമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നത് നിരവധിപ്പേരാണ്.






