
മദ്യലഹരിയില്‍ കാമുകിയോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ കാറില്‍ നിന്നും വീണു മരിച്ച യുവാവിന്റെ ഭാര്യ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി രംഗത്ത്. ചൈനയില്‍ നടന്ന സംഭവത്തില്‍ മരണപ്പെട്ടയാളുടെ ഭാര്യ 70 ലക്ഷം രൂപയാണ് ഭര്‍ത്താവിന്റെ കാമുകിയോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭര്‍ത്താവ് കാറില്‍ നിന്നും വീണു മരിച്ചതിനുശേഷം മാത്രമാണ് ഇവര്‍ തന്റെ ഭര്‍ത്താവിന്റെ ബന്ധത്തെ കുറിച്ച് അറിയുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 2022 -ലാണ് വാങ് എന്നയാള്‍ യുവതിയുമായി സൗഹൃദത്തില്‍ ആകുന്നത്. ഈ സമയം വാങ് വിവാഹിതനായിരുന്നു. എങ്കിലും അധികം വൈകാതെ ഇരുവരും തമ്മില്‍ പ്രണയത്തിലുമായി. എന്നാല്‍, 2023 ജൂലൈയില്‍ വാങ്ങും കാമുകിയും തമ്മില്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഒരു റെസ്റ്റോറന്റില്‍ നിന്നും അത്താഴം കഴിച്ച് മദ്യലഹരിയില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് കാമുകിയായിരുന്നു. അമിതമായി മദ്യപിച്ച് വാഹനത്തില്‍ ഇരുന്ന വാങ് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. വാഹനത്തില്‍ നിന്നും തെറിച്ചുവീണ വാങ്ങിനെ യുവതി ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 24 മണിക്കൂറിന് ശേഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് വാങ് മരണത്തിന് കീഴടങ്ങി.
പോലീസ് അന്വേഷണത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതാണ് വാങിന്റെ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി, യുവതിയെ തെറ്റുകാരിയായി കണക്കാക്കിയിട്ടില്ല. എന്നിരുന്നാലും, വാങിന്റെ ഭാര്യ യുവതിയില്‍ നിന്നും നഷ്ടപരിഹാരമായി 6 ലക്ഷം യുവാന്‍ (ഏകദേശം 70.36 ലക്ഷം രൂപ) ആവശ്യപ്പെടുകയായിരുന്നു. കേസ് കഴിഞ്ഞ മാസം കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ 70 ലക്ഷം രൂപ വേണമെന്ന വാങ്ങിന്റെ ഭാര്യയുടെ ആവശ്യം കോടതി തള്ളിയെങ്കിലും വാങ്ങിന്റെ കാമുകിയായ യുവതിയോട് നഷ്ടപരിഹാരമായി എട്ടുലക്ഷം രൂപ നല്കാന് ഉത്തരവിട്ടു.






