
കൊച്ചി: നടി ഹണി റോസ് നല്കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച വ്യവസായി ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂര്‍ നിലവില്‍ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുറത്തുറങ്ങിയത്. ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് കോടതി കേസ് ഇന്ന് സ്വമേധയാ പരിഗണിക്കന്‍ ഇരിക്കെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ബോബി ചെമ്മണ്ണൂര്‍ പുറത്തുറങ്ങിയത്.
ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങാതെ ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് ഇന്നലെ അറിയിച്ചിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ജാമ്യം നല്കിയ കോടതി തന്നെ കേസ് സ്വമേധയാ വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയതോടെ ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെ പുറത്തിറങ്ങുകയായിരുന്നു.
ഇന്നലെ ജയില്‍ വിടാന്‍ കൂട്ടാക്കാതെ വിടുതല്‍ ബോണ്ടില്‍ ഒപ്പുവയ്ക്കില്ലെന്നു ബോബി നിലപാടെടുത്തിരുന്നു. ജാമ്യത്തിലിറങ്ങേണ്ടെന്നു ബോബി ജയില്‍ അധികൃതരെയും തന്റെ അഭിഭാഷകരെയും അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതികപ്രശ്നങ്ങളാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത ഒട്ടേറെ തടവുകാര്‍ ജയിലിലുണ്ടെന്നും അവരോടുള്ള ഐക്യദാര്‍ഢ്യമാണിതെന്നും ബോബി പറഞ്ഞിരുന്നു. ഇത് കോടതിയെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 10 മിനിറ്റു കൊണ്ടു നടപടിക്രമങ്ങള്‍ വിവാദ വ്യവസായി പൂര്‍ത്തിയാക്കുകയായിരുന്നു.






