
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ഗോപന്‍സ്വാമിയുടെ കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുത്തു ടേബിളിലേക്ക് മാറ്റി. തുറന്നപ്പോള്‍ കണ്ടെത്തിയ മൃതദേഹം ഗോപന്സ്വാമിയുടേതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കല്ലറ പൊളിക്കുകയും ഇരിക്കുന്ന നിലയില്‍ സമാധിയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. നെഞ്ചോളം പൊക്കത്തില്‍ ഭസ്മം ഉള്‍പ്പെടെയുള്ള പൂജാസാധനങ്ങളും കണ്ടെത്തി. മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്.
സ്വാഭാവിക മരണമാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. പോസ്റ്റുമാര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് നടത്തുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘം, സബ്കളക്ടര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചത്. ആവശ്യമെങ്കില്‍ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തും.
ഗോപന്‍സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്.ഡി.ഒ. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഇന്നലെ ഹൈക്കോടതി അനുവദിച്ചില്ല. ഗോപന് സ്വാമിയുടെ സമാധിയില്‍ നിലപാട് വ്യക്തമാക്കി ഹിന്ദു ഐക്യവേദി രംഗത്തു വന്നു. കേസില്‍ നിയമം നിയമത്തിന്റെ വഴിയെ നടക്കട്ടെ എന്നതാണ് ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപിത നിലപാട്. മറ്റെല്ലാം അവാസ്തവമാണെന്നും സമാധിയുടെ പേരില്‍ മുതലെടുപ്പു നടത്താനുള്ള എസ്.ഡി.പി.ഐ. ശ്രമത്തെയാണ് എതിര്‍ത്തതെന്നും ഹിന്ദുഐക്യവേദി പറഞ്ഞിരുന്നു.






