
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റ് ആശുപത്രിയില്‍. ഗുരുതരമായി പരിക്കേറ്റ താരത്തെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വീട്ടിലെ മോഷണശ്രമം തടയുന്നതിനിടയിലായിരുന്നു താരത്തിന് കുത്തേറ്റത്. ആറു തവണയോളം അക്രമി താരത്തെ കുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.
കുടുംബാംഗങ്ങള്‍ക്കൊപ്പം താരം നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് അജ്ഞാത അക്രമി വീട്ടിനുള്ളില്‍ നുഴഞ്ഞുകയറിയതെന്നാണ് മുംബൈ മാധ്യമങ്ങള്‍ പ്രാഥമികമായി പുറത്തുവിട്ടിട്ടുള്ള വിവരം. ആക്രമണസമയത്ത് കരീനകപൂറും കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചതായും അവിടെ അദ്ദേഹം ചികിത്സയിലാണെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊള്ളക്കാരനുമായുള്ള ഏറ്റുമുട്ടലിലാണോ കുത്തേറ്റതെന്നോ അതോ പരിക്കേറ്റതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തിവരികയാണെന്നും പറയുന്നു.
പുലര്‍ച്ചെ 3-30 നാണ് സെയ്ഫ് അലി ഖാനെ ലീലാവതിയിലേക്ക് കൊണ്ടുവന്നതെന്നും ആറ് പരിക്കുകളുള്ള അദ്ദേഹത്തിന്റെ രണ്ടു പരിക്കുകള്‍ ആഴത്തിലുള്ളതാണെന്നും ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണെന്നും ആശുപത്രി വൃത്തങ്ങളുടെ വെളിപ്പെടുത്തലും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടിട്ടുണ്ട്്. ന്യൂറോ സര്ജ്ജന്മാരുടെ വിദഗ്ദ്ധസംഘമാണ് അദ്ദേഹത്തിന്റെ പരിചരണത്തിനായുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമേ നാശനഷ്ടത്തിന്റെ തോത് കൃത്യമായി പറയാന്‍ കഴിയുകയുള്ള എന്നാണ് ലീലാവതി ആശുപത്രി അധികൃതരും പറയുന്നത്.






